തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം ചുള്ളിമാനൂരില്‍ ആന പാപ്പാന്‍മാരെ പത്തംഗസംഘം വീട് കയറി അക്രമിച്ചു. ആനയെ കെട്ടുന്ന സ്ഥലത്ത് എത്തിയ സംഘം ആനയെ തൊടാനും അവിടെ ഇരുന്ന് മദ്യപിക്കാനും ശ്രമിച്ചത് പാപ്പാന്‍മാര്‍ ചോദ്യം ചെയ്തു.
ഇതിനെ തുടര്‍ന്നായിരുന്നു പത്തംഗ സംഘത്തിന്‍റെ മര്‍ദനം. സംഭവത്തില്‍ വലിയമല പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 9 ത് മണിയോടെയായിരുന്നു അക്രമം നടന്നത്.
ആനാപ്പാപ്പാന്മാര്‍ താമസിക്കുന്ന വീട്ടില്‍ ആദ്യം രണ്ട് ബൈക്കുകളിലായി ആറുപേര്‍ എത്തി. ആനയെ കെട്ടുന്ന സ്ഥലത്ത് മദ്യപിക്കാനായി സംഘം എത്തിയത് പാപ്പാന്മാര്‍ തടയുകയായിരുന്നു. ഇതില്‍ പ്രകോപിതരായ സംഘം പാപ്പാന്‍മാരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി മടങ്ങി. രണ്ട് മണിക്കൂറിന് ശേഷം കൂടുതല്‍ പേരുമായി മടങ്ങിയെത്തിയ ശേഷമായിരുന്നു അക്രമവും മര്‍ദനവും.
മൊയ്തീന്‍ (63), കുഞ്ഞുമോന്‍(52), യുസഫ് (60) എന്നിവര്‍ക്കു നേരെയായിരുന്നു ആക്രമണം. വീടിന്‍റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞുമോന് ആക്രമണത്തില്‍ പരിക്കേറ്റു. വീടിന്‍റെ വാതില്‍ തല്ലിപ്പൊളിക്കാന്‍ ശ്രമിച്ച അക്രമി സംഘം ജനാല ചില്ല് ചുടുകല്ല് കൊണ്ട് എറിഞ്ഞ് തകര്‍ത്തു. അക്രമി സംഘത്തിന്‍റെ ഒരു ബൈക്ക് ആനപാപ്പാന്മാര്‍ തടഞ്ഞുവച്ചു.
സ്ഥലത്ത് നിന്ന് ഒരു മൊബൈല്‍ ഫോണും കിട്ടി. സമീപവാസികളായ യുവാക്കളാണ് ആക്രമി സംഘത്തിലുണ്ടായിരുന്നത് പൊലീസ് അറിയിക്കുന്നത്. അതിനിടെ കേസ് 50,000 രൂപാ നല്‍കി കേസ് ഒത്തുതീര്‍ക്കാനും ശ്രമമുണ്ടായിയെന്നാണ് പാപ്പാന്മാര്‍ വിശദമാക്കുന്നത്. ചുള്ളിമാനൂര്‍ സ്വദേശി രാഹുലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വീടും ആനയും.