കൂടുതല്‍ യാത്രക്കാരുള്ള വേണാടിന് സിഗ്നല്‍ നല്‍കി, വന്ദേ ഭാരത് 2 മിനിറ്റ് വൈകി; റെയില്‍വേ ജീവനക്കാരനെതിരെ നടപടി.

0
54

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്‍റെ ആദ്യ ട്രയല്‍ റണ്ണിനിടെ രണ്ട് മിനിറ്റ് താമസം വരുത്താന്‍ കാരണമായ ജീവനക്കാരനെതിരെ നടപടിയുമായി റെയില്‍വേ. പിറവം സ്റ്റേഷനില്‍ വേണാട് എക്സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതോടെയാണ് വന്ദേ ഭാരത് രണ്ട് മിനിറ്റ് താമസിച്ചത്. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന റെയില്‍വേ ജീവനക്കാരനും റെയില്‍വേ കണ്‍ട്രോളറുമായ കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ നടപടി വിവാദമാവുകയും തൊഴിലാളി സംഘടനകള്‍ ഇടപെടുകയും ചെയ്തതിന് പിന്നാലെ സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കുകയായിരുന്നു.

വേണാട് എക്സ്പ്രസും വന്ദേ ഭാരത് ട്രെയിനും പിറവം സ്റ്റേഷനില്‍ ഒരേ സമയത്തായിരുന്നു എത്തിയത്. കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായിരുന്നതിനാല്‍ വേണാട് എക്സ്പ്രസിന് സിഗ്നല്‍ നല്‍കുകയായിരുന്നു. ഇത് മൂലം വന്ദേ ഭാരത് ട്രെയിന്‍ രണ്ട് മിനിറ്റാണ് വൈകിയത്. അതേസമയം കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിന്‍റെ രണ്ടാംഘട്ട പരീക്ഷ ഓട്ടം തുടങ്ങി. തന്പാനൂര്‍ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലര്‍ച്ചെ 5.20ന് ട്രെയിൻ പുറപ്പെട്ടു. ട്രെയിൻ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാതലത്തിൽ കാസര്‍കോട് വരെ പരീക്ഷണ ഓട്ടം നടത്താനാണ് സാധ്യത.

കണ്ണൂര്‍ വരെ ഏഴുമണിക്കൂറിനുള്ളിൽ ട്രെയിൻ എത്തിക്കാനാണ് ശ്രമം. തിരിച്ച് തിരുവനന്തപുരത്തേക്കും പരീക്ഷണ ഓട്ടം നടത്തും. ട്രെയിനിന്‍റെ വേഗതയും സുരക്ഷയും കൂടുതൽ ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്. ഏപ്രില്‍ 14ന് വൈകുന്നേരം ആറ് മണിക്കാണ് വന്ദേഭാരത് ട്രെയിന്‍ കൊച്ചുവേളിയിലെ പ്രത്യേക യാര്‍ഡിലെത്തിയത്. ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരതിന്‍റെ പരമാവധി വേഗത 180 കിലോ മീറ്ററാണ്.

LEAVE A REPLY

Please enter your comment!
Please enter your name here