ദക്ഷിണ കൊറിയൻ നടി ജംഗ് ചായ്-യുൾ വീട്ടിൽ മരിച്ച നിലയിൽ. ഇരുപത്തിയാറ് വയസ്സായിരുന്നു. വീട്ടിനുള്ളിൽ നടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഏപ്രിൽ പതിനൊന്നിനാണ് ജംഗ് ചായ് -യുള്ളിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് കൊറിയൻ മാധ്യമമായ കൊറിയബൂ റിപ്പോർട്ട് ചെയ്യുന്നു. സോംബീ ഡിറ്റക്ടീവ്സ് എന്ന സീരീസിലൂടെ ശ്രദ്ധേയയായ നടിയാണ് ജംഗ്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുകയെന്ന് നടിയുടെ ഏജൻസി അറിയിച്ചു. ജംഗ് ചായിയുടെ മരണവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഏജൻസി അഭ്യർത്ഥിച്ചിട്ടുണ്ട്.
ജംഗ് ചായിയുടെ മരണവാർത്ത പുറത്തുവന്നതിനു പിന്നാലെ നടിയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയായിയരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളും വന്നതോടെയാണ് ഏജൻസി അഭ്യർത്ഥനയുമായി രംഗത്തെത്തിയത്. മരിക്കുന്നത് മൂന്ന് ദിവസം മുമ്പായിരുന്നു ജംഗിന്റെ അവസാന പോസ്റ്റ്.
സംഗീതം ആസ്വദിക്കുകയും വൈൻ കുടിക്കുന്നതുമായ ചിത്രങ്ങളായിരുന്നു പങ്കുവെച്ചിരുന്നത്. വെഡ്ഡിങ് ഇംപോസിബിൾ എന്ന സീരീസിൽ അഭിനയിക്കുന്നതിനിടയിലാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ഇതോടെ ഷൂട്ടിങ് താത്കാലികമായി നിർത്തിവെച്ചു.