സൂററ്റ്: ഭാര്യയ്ക്കെതിരെ ബലാത്സംഗ ആരോപണവുമായി ഭർത്താവ്. ഗുജറാത്തിലെ സൂററ്റ് സ്വദേശിയായ യുവാവാണ് ഭാര്യയ്ക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. പത്ത് വർഷമായി ഭാര്യ ബലാത്സംഗം ചെയ്യുകയാണെന്നാണ് ആരോപണം. ഭാര്യയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും സ്വീകരിക്കാത്തതിനെ തുടർന്ന് ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു.
മുൻ വിവാഹത്തെ കുറിച്ച് ഭാര്യ മറച്ചു വെച്ചുവെന്നും ലൈംഗികബന്ധം സ്ഥാപിക്കാൻ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ഭർത്താവിന്റെ ആരോപണം. പത്ത് വർഷമായി ഇരുവരും ഭാര്യാഭർത്താക്കന്മാരായാണ് ജീവിക്കുന്നത്.
ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്. ഭാര്യ തനിക്ക് മുമ്പ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നുവെന്നും ഇക്കാര്യം മറച്ചുവെച്ചാണ് തന്നെ വിവാഹം ചെയ്തതെന്നുമാണ് പരാതിയിൽ പറയുന്നത്. രണ്ട് മക്കളുടേയും ഡിഎൻഎ പരിശോധന നടത്തിയതിനു ശേഷമാണ് ഇയാൾ കോടതിയെ സമീപിച്ചത്. കുട്ടികളിൽ ഒരാളുടെ പിതാവ് താനോ ഭാര്യയുടെ മുൻ ഭർത്താവോ അല്ലെന്നും യുവാവിന്റെ പരാതിയിൽ വ്യക്തമാക്കുന്നു.
പത്ത് വർഷമായി സന്തുഷ്ട ദാമ്പത്യമായിരുന്നു ഇരുവരുടേയും. എന്നാൽ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പിന്നീട് സംശയം തോന്നിത്തുടങ്ങി. തുടർന്ന് ഭാര്യയുടെ ഫോൺ ചാറ്റുകളും മറ്റും പരിശോധിച്ചതിൽ നിന്നാണ് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് മനസ്സിലായത്.
തുടർന്നാണ് ഭാര്യയ്ക്കെതിരെ പരാതിയുമായി ഇയാൾ കോടതിയെ സമീപിച്ചത്. ഭർത്താവിന്റെ പരാതി സൂററ്റിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഫയലിൽ സ്വീകരിച്ചു. ഭാര്യയ്ക്കെതിരെ സിആർപിസി സെക്ഷൻ 156 പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവാവ് പൊലീസിനെ സമീപിച്ചിരുന്നതായി ഇദ്ദേഹത്തിന്റെ അഭിഭാഷകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.