കോഴിക്കോട്: താമരശ്ശേരി പരപ്പൻ പൊയിലിൽ നിന്നും പ്രവാസിയായ മുഹമ്മദ് ഷാഫിയെ തട്ടികൊണ്ടു പോയ കേസിൽ പ്രതികളിൽ ഒരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കുന്നു. സംഭവത്തിൽ പ്രധാന ദൃക്സാക്ഷിയായ ഷാഫിയുടെ ഭാര്യ നൽകുന്ന വിവരം അനുസരിച്ചാണ് രേഖചിത്രം തയ്യാറാക്കുന്നത്. സംഭവത്തിന് രണ്ടു ദിവസം മുമ്പ് ഷാഫിയെ അന്വേഷിച്ച് വീട്ടിൽ എത്തിയ ആളും നാലംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന ആളും, ഒന്നു തന്നെയാണെന്നാണ് വിവരം. മാസങ്ങൾക്ക് മുമ്പ് ഷാഫിയെ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ വയനാട് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ഒരു പ്രതി അജ്നാസിന് ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഘത്തെക്കുറിച്ച് കൂടുതൽ വിവരമുണ്ടെന്നാണ് സൂചന. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും.