മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് നാളെ ആരംഭമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് സിഎസ്‌കെയെയാണ് നേരിടുന്നത്.
രണ്ട് ടീമിനെ സംബന്ധിച്ചും വിജയത്തുടക്കമാണ് പ്രധാനപ്പെട്ടത്. ധോണിയുടെ അവസാന സീസണെന്ന നിലയില്‍ ഇത്തവണ സിഎസ്‌കെ കപ്പടിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്.
ബെന്‍ സ്റ്റോക്‌സിന്റെ വരവോടെ ശക്തമായ താരനിരയായി സിഎസ്‌കെ മാറിയിരിക്കുന്നു. അനുഭവസമ്ബന്നരായ താരങ്ങളുടെ നിരയായ സിഎസ്‌കെ ഇത്തവണ കപ്പടിക്കാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം. ഇത്തവണ ലേലത്തില്‍ അപ്രതീക്ഷിതമായി വാങ്ങാന്‍ ആളില്ലാതെ പോയ താരമാണ് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. ഇത്തവണ കളിക്കാരനായി അവസരമില്ലെങ്കിലും ഐപിഎല്ലില്‍ കമന്റേറ്ററായി സ്മിത്തുണ്ട്.
സിഎസ്‌കെയെപ്പോലെ സീനിയേഴ്‌സിനെ പിന്തുണക്കുന്ന ടീമില്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമായിട്ടും സ്മിത്തിന് പരിഗണന ലഭിച്ചില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സില്‍ എംഎസ് ധോണിയോടൊപ്പം കളിച്ച ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് സ്മിത്ത്. അന്ന് ധോണിയെ നയിക്കാനുള്ള ഭാഗ്യവും സ്മിത്തിന് ലഭിച്ചിരുന്നു. ധോണിയുള്ളപ്പോള്‍ സ്മിത്തിനെ നായകനാക്കാനുള്ള തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് പറയാം.
ഇപ്പോള്‍ അന്നത്തെ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെക്കുറിച്ചും ധോണിയോടൊപ്പമുള്ള സൗഹൃദത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് സ്മിത്ത്. ‘അപ്രതീക്ഷിതമായാണ് എന്നെ ക്യാപ്റ്റനാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയുള്ള വിളിയെത്തിയത്. എനിക്ക് ആദ്യം സംശയമാണ് തോന്നിയത്. ധോണി മനോഹരമായാണ് ആ സീസണില്‍ കളിച്ചത്. എന്നെ പല തരത്തിലും ധോണി സഹായിക്കുകയുണ്ടായി. വളരെ നല്ല വ്യക്തിത്വമാണ് ധോണിയുടേത്. ധോണിയുടെ നായകനാവുകയെന്നത് വലിയ അനുഭവമായിരുന്നു’- സ്മിത്ത് പറഞ്ഞു.
ധോണിയെപ്പോലെ ഐതിഹാസിക നേട്ടങ്ങളുള്ള നായകനെ നയിക്കുകയെന്നത് ഒട്ടും എളുപ്പമല്ല. എന്നാല്‍ തനിക്ക് കീഴില്‍ കളിക്കുന്നതില്‍ യാതൊരു വിമുഖതയും ധോണി കാട്ടിയില്ലെന്നും വളരെ സഹകരിച്ചാണ് കളിച്ചതെന്നുമാണ് സ്മിത്ത് പറയുന്നത്. ‘ടീം മാനേജ്‌മെന്റ് എന്താണ് പദ്ധതിയിടുന്നതെന്ന് ആദ്യം എനിക്ക് മനസിലായിരുന്നില്ല. എംഎസ് ധോണി ആ സമയത്ത് ക്യാപ്റ്റനെന്ന നിലയില്‍ വലിയ നേട്ടങ്ങളുള്ള താരമായിരുന്നു.
എന്നാല്‍ എന്നെ ക്യാപ്റ്റനാക്കിയ ശേഷം ധോണി എന്റെയടുത്തുവന്ന് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചത് അത്ഭുതം തോന്നിയ കാര്യമാണ്. എന്നാല്‍ പിന്നീട് ധോണിയുമായി സംസാരിച്ച് ധാരണയിലെത്താന്‍ സാധിച്ചു. പല തീരുമാനങ്ങളെടുക്കാനും അദ്ദേഹം സഹായിച്ചിട്ടുണ്ട്. അദ്ദേഹം നല്‍കിയ ഉപദേശങ്ങളും നയിക്കുന്ന രീതിയും എനിക്കുള്ള വലിയ പാഠങ്ങളായിരുന്നു. ധോണി ചെയ്തുതന്നെ ഉപകാരങ്ങള്‍ക്ക് കേവലം നന്ദി മാത്രം പറഞ്ഞാല്‍ മതിയാകില്ല.
ആശയങ്ങളുടെയും തന്ത്രങ്ങളുടെയും വലിയൊരു കൂമ്ബാരമാണ് ധോണി. മത്സരത്തെക്കുറിച്ച് വലിയ കാഴ്ചപ്പാട് ധോണിക്കുണ്ട്. മത്സരം ഏത് ഗതിയിലാണ് പോകുന്നതെന്ന് കൃത്യമായി അദ്ദേഹത്തിനറിയാം. ഏറ്റവും ശാന്തനായി കാര്യങ്ങള്‍ ചെയ്യുന്ന താരമാണ് ധോണി. ധോണിക്ക് നിയന്ത്രണം നഷ്ടമാവുന്നതോടെ ഭാവ വ്യത്യാസം ഉണ്ടാകുന്നതോ ആയ ഒരു സന്ദര്‍ഭം പോലും എന്റെ ഓര്‍മയിലില്ല. ഇത്രയും ശാന്തതയോടെ എങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ആലോചിച്ച് അത്ഭുതം തോന്നിയിട്ടുണ്ട്’-സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിലക്ക് ലഭിച്ച രണ്ട് വര്‍ഷ സമയത്താണ് ധോണി പൂനെക്കായി കളിച്ചത്. സ്മിത്തിന് കീഴില്‍ ഫൈനല്‍ കളിക്കാന്‍ പൂനെക്കായി. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ പൂനെ ഏറെക്കുറ വിജയത്തിലേക്കെത്തിയിരുന്നു. എന്നാല്‍ വിജയത്തിന് ഒരു റണ്‍സകലെ മുംബൈ ഇന്ത്യന്‍സിനോട് പൊരുതി വീണു. നിര്‍ഭാഗ്യമെന്ന് മാത്രമെ ഈ തോല്‍വിയെ വിശേഷിപ്പിക്കാനാവൂ. അന്ന് ജയിച്ചിരുന്നെങ്കില്‍ ഐപിഎല്‍ കിരീടം നേടുന്ന ക്യാപ്റ്റന്മാരുടെ പട്ടികയിലേക്കെത്താന്‍ സ്മിത്തിനും സാധിക്കുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതിന് സാധിച്ചില്ല.