തന്റെ പഠന ചെലവിനുള്ള പണം ഉപയോഗിച്ച് സഹോദരന്റെ വിവാഹം ആർഭാടമായി നടത്തിയ മാതാപിതാക്കൾക്കെതിരെ കേസ് നൽകി മകൾ. റെഡ്ഡിറ്റിലാണ് യുവതി സ്വന്തം അനുഭവം മറ്റുള്ളവരുമായി പങ്കുവെച്ചത്.
തന്റെ മുത്തശ്ശി കുടുംബത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സേവിങ്സ് അക്കൗണ്ടുകൾ ആരംഭിച്ചിരുന്നു. എന്നാൽ തന്റെ കുടുംബം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നവരായിരുന്നില്ല. ലണ്ടനിലായിരുന്ന മുത്തശ്ശിക്കായിരുന്നു തന്റെ പരമ്പരയിലെ പെൺകുട്ടികൾ വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിച്ചത്.
ഡോക്ടറായിരുന്ന മുത്തശ്ശി ബ്രിട്ടീഷ് പൗരനെയാണ് വിവാഹം ചെയ്തതെന്നും ഇവർ യുഎസ്സിലാണ് ജീവിച്ചതെന്നും റെഡ്ഡിറ്റിലെ കുറിപ്പിൽ പറയുന്നു. കുടുംബത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി അവർ കഴിയുന്നതെല്ലാം ചെയ്തു. മരിക്കുന്നതിനു മുമ്പ് എല്ലാ പെൺമക്കളുടേയും പേരിലും പണം മാറ്റിവെച്ചു.
തനിക്കും സഹോദരിക്കും വേണ്ടി നീക്കി വെച്ച പണം കൈകാര്യം ചെയ്തിരുന്നത് മാതാപിതാക്കളായിരുന്നു. ഹൈ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പഠനം തുടരാൻ സഹോദരിക്ക് യാതൊരു പദ്ധതിയുമുണ്ടായിരുന്നില്ല. രണ്ട് വർഷത്തിനു ശേഷം അവർ വിവാഹവും കഴിച്ചു. എന്നാൽ തനിക്ക് വിദ്യാഭ്യാസം തുടരാനായിരുന്നു ആഗ്രഹമെന്നും മുത്തശ്ശി നീക്കിവെച്ച പണത്തിലായിരുന്നു തന്റെ പ്രതീക്ഷയെന്നും യുവതി പറഞ്ഞു.
അക്കൗണ്ടിലെ പണത്തെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഭീമമായ തുക നഷ്ടമായതായി കണ്ടെത്തിയത്. മാതാപിതാക്കളാണ് ഈ തുക പിൻവലിച്ചതെന്നും വ്യക്തമായി. സഹോദരന്റെ വിവാഹം ആഢംബരപൂർവം നടത്താനായി തന്റെ വിദ്യാഭ്യാസത്തിനുള്ള തുക അവർ ചെലവഴിക്കുകയായിരുന്നു.
പഠനം തുടരാൻ പണമില്ലാത്തതിനാൽ വിദ്യാഭ്യാസ ലോൺ എടുക്കാൻ തീരുമാനിച്ചു. ആ തീരുമാനം എടുക്കേണ്ടി വന്നതിൽ കടുത്ത അപമാനവും തോന്നി. അങ്ങനെയാണ് മാതാപിതാക്കൾക്കെതിരെ കേസ് കൊടുക്കാൻ തീരുമാനിച്ചത്. മാതാപിതാക്കൾക്കെതിരെ നിയമപരമായി നീങ്ങാൻ തീരുമാനിച്ചതോടെ കുടുംബം മുഴുവൻ തനിക്ക് എതിരായെന്നും യുവതി പറയുന്നു.
കേസ് പിൻവലിക്കാനായി തന്റെ ഫീസ് നൽകാമെന്ന വാഗ്ദാനവുമായി സഹോദരൻ എത്തിയതായും യുവതി പറയുന്നുണ്ട്.