ഇന്ത്യയിലെ മെട്രോ സ്റ്റേഷനുകള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍, പുലിവാല് പിടിച്ച് ജെറ്റ് എയര്‍വെയ്സ് സിഇഒ

0
53

ദില്ലി: ഇന്ത്യയിലെ മെട്രോ സ്റ്റേഷനുകളുടെ രൂപകല്‍പനയെയും മനോഹാരിതയിലുമുള്ള നിരാശ മറച്ചുവയ്ക്കാതെ പ്രതികരിച്ചതിന് പിന്നാലെ പുലിവാല് പിടിച്ച് ജെറ്റ് എയര്‍വെയ്സ് സിഇഒ സഞ്ജീവ് കപൂര്‍. ഇന്ത്യയിലേയും ദുബായിലേയും മെട്രോ സ്റ്റേഷനുകളേക്കുറിച്ച് താരതമ്യം ചെയ്തായിരുന്നു ജെറ്റ് എയര്‍വെയ്സ് സിഇഒയുടെ പരാമര്‍ശം. കലാഭംഗിയില്ലാത്ത കോണ്‍ക്രീറ്റ് കെട്ടിടമെന്നാണ് ഇന്ത്യയിലെ മെട്രോ സ്റ്റേഷനുകളേക്കുറിച്ച് സഞ്ജീവ് കുമാര്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റ് വൈറലായതിന് പിന്നാലെ വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ രൂക്ഷ വിമര്‍ശനമാണ് സഞ്ജീവ് കപൂര്‍ നേരിടുന്നത്.

ബെംഗലുരു, ഗുഡ്ഗാവ്, കൊല്‍ക്കത്ത അടക്കമുള്ള മെട്രോ സ്റ്റേഷനുകളുടെ രൂപകല്‍പ്പനയേക്കുറിച്ചായിരുന്നു വിമര്‍ശനം. ദുബായ്  മെട്രോ സ്റ്റേഷന്‍റേയും ബെംഗലുരു മെട്രോ സ്റ്റേഷന്‍റേയും ചിത്രങ്ങള്‍ താരതമ്യം ചെയ്തായിരുന്നു പരാമര്‍ശം. ദുബായ് മെട്രോ സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയായത് ഏറക്കുറെ 10 വര്‍ഷം മുന്‍പാണെന്നും ട്വീറ്റ് വിശദമാക്കുന്നുണ്ട്. എന്നാല്‍ പ്രതീക്ഷിച്ച രീതിയിലല്ല ജെറ്റ് എയര്‍വേയ്സ് സിഇഒയുടെ ട്വീറ്റ് സ്വീകരിക്കപ്പെട്ടത്. രൂക്ഷമായ വിമര്‍ശനമാണ് ട്വീറ്റിന് പല മേഖലകളില്‍ നിന്നും ലഭിക്കുന്നത്. സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനമില്ലാത്ത ആള്‍ എന്നതടക്കമുള്ള വിമര്‍ശനമാണ് സഞ്ജീവ് കപൂര്‍ നേരിടുന്നത്.

യാത്രാ സൌകര്യത്തിന് ഭംഗിയല്ല വേണ്ടതെന്നും മറുപടി നല്‍കുന്നുണ്ട് പലരും. രാജ്യത്തെ പല മെട്രോകളിലെ രൂപഭംഗി വിശദമാക്കുന്ന ചിത്രങ്ങളും ട്വീറ്റിന് മറുപടിയുമായി നല്‍കുന്നുണ്ട് ചിലര്‍. വളരെ കുറച്ച് ആളുകള്‍ സഞ്ജീവ് കപൂറിന്‍റെ പ്രതികരണത്തോട് യോജിക്കുന്നതായും പ്രതികരിച്ചിട്ടുണ്ട്. പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രകൃതിയോട് ചേര്ന്ന് നില്‍ക്കുന്നതല്ലെന്നാണ് സഞ്ജീവ് കപൂറിനെ പിന്തുണയ്ക്കുന്നവര്‍ വിശദമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here