ഇന്ത്യയിലടക്കം എല്ലാ രാജ്യങ്ങളിലും ചില മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മാത്രമായി ദേശീയ മൃഗവും ദേശീയ പക്ഷിയും എന്ന പദവി നല്‍കി അലങ്കരിക്കാറുണ്ട്.
ഇങ്ങനെ ചെയ്യുന്നത് പലപ്പോഴും ആ പക്ഷിമൃഗാദികളെ മനുഷ്യന്റെ വേട്ടയാടലില്‍ നിന്ന് രക്ഷിക്കാനും വംശവര്‍ദ്ധനവിന് സഹായകരവും ആകുന്നതിനാണ്. ഇന്ത്യയുടെ ദേശിയ മൃഗമാണ് കടുവ. മയിലാകട്ടെ ദേശീയ പക്ഷിയും. എന്നാല്‍ ഇവയെല്ലാം മനുഷ്യന്റെ ചിന്തയില്‍ ഉദിച്ച കാര്യങ്ങള്‍ എന്നല്ലാതെ ഈ കാര്യങ്ങള്‍ ഒന്നും മൃഗങ്ങളെയോ പക്ഷികളെയോ ബാധിക്കുന്ന കാര്യമല്ല. രാജ്യം അവയ്ക്ക് പദവി നല്‍കിയാലും ഇര പിടിക്കലും വിശ്രമവും ഒക്കെയാണ് അവരുടെ ജീവിതം. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ പ്രചരിച്ച കടുവയുടെയും മയിലിന്റെയും കൗതുകം ഉണര്‍ത്തുന്ന ഒരു വീഡിയോ.
ദേശീയ മൃഗമാണെങ്കിലും കാട്ടിലെ ഏറ്റവും വലിയ അക്രമകാരിയും വേട്ടക്കാരനുമാണ് കടുവ. തന്റെ ഇരകളിലൊന്നായ മയിലിനെ വേട്ടയാടുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഒരു കൂട്ടം മയിലുകള്‍ പുല്‍ക്കാട്ടിനിടയില്‍ എന്തോ കൊത്തിപെറുക്കുകയാണ്. എന്നാല്‍ അവയെ ഉന്നം വെച്ച് പുറകിലൂടെ പിടിക്കാന്‍ എത്തുകയാണ് കടുവ. ഒടുവില്‍ കടുവ കൂട്ടത്തിലെ ആണ്‍ മയിലിന് നേരെ ഉയര്‍ന്നു ചാടുന്നു. ഒപ്പം തന്റെ മുന്‍കൈയിലെ നഖങ്ങള്‍ കൂര്‍പ്പിച്ച് വീശുന്നു. എന്നാല്‍ ഇതറിഞ്ഞ മയില്‍ തലനാരിഴക്ക് രക്ഷപ്പെട്ടു പറന്നുയരുന്നു. ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന പെണ്‍മയിലുകളും പറന്നു രക്ഷപ്പെടുന്നു.