കൊച്ചി: കാലടിക്ക് സമീപം അതിരപ്പിള്ളി എസ്റ്റേറ്റിൽ പശുക്കിടാവിനെ കൊന്ന് മരത്തിന് മുകളിൽ തൂക്കിയ നിലയിൽ കണ്ടെത്തി. പ്ലാന്റേഷൻ കോർപറേഷൻ കാലടി ഗ്രൂപ്പ് അതിരപ്പിള്ളി എസ്റ്റേറ്റ് ഒന്നാം ബ്ലോക്കിൽ പള്ളിക്കു മുകൾ ഭാഗത്താണ് സംഭവം. പുലിയുടെ ആക്രണമെന്നാണ് നാട്ടുകാർ പറയുന്നത്.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണു തൊഴിലാളികൾ ചത്ത പശുക്കിടാവിനെ മരത്തിനു മുകളിൽ കാണുന്നത്. പുലി കൊല്ലുന്ന ഇരയെ പിന്നീട് ഭക്ഷിക്കാൻ വേണ്ടി മരക്കൊമ്പിൽ ഇത്തരത്തിൽ സൂക്ഷിച്ചുവയ്ക്കാറുണ്ട്. ഒന്നാം ബ്ലോക്ക് കൂട്ടാലപ്പറമ്പിൽ കാർത്തുവിന്റെ പശുക്കിടാവിനെയാണു ചത്തനിലയിൽ കണ്ടെത്തിയത്.
പ്രദേശത്ത് നേരത്തെയും ഇത്തരത്തിൽ പശുക്കിടാവിനെ മരത്തിന് മുകളിൽ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മുമ്പ് പോസ്റ്റ് ഓഫിസ് ജങ്ഷന് സമീപത്താണ് ഇത്തരത്തിൽ മരത്തിന് മുകളിൽ ചത്ത പശുക്കിടാവിനെ കണ്ടെത്തിയത്. അതിരപ്പിള്ളി എസ്റ്റേറ്റിലെ 1,15, 6 ബ്ലോക്കുകളിൽ പുലിയുടെ സാന്നിദ്ധ്യമുണ്ടെന്നും നാട്ടുകാർ പറയുന്നു.
എസ്റ്റേറ്റിലെ പതിനഞ്ചാം ബ്ലോക്കിൽ മിക്ക ദിവസങ്ങളിലും പുലിയെ നേരിട്ട് കാണാറുണ്ടെന്ന് പ്ലാന്‍റേഷൻ തൊഴിലാളികൾ പറയുന്നു. മൂന്ന് ദിവസം മുമ്പ് ആറാം ബ്ലോക്കിൽ പാണ്ടുപാറയിൽ പുലി ഇറങ്ങിയിരുന്നു. പ്രദേശത്ത് കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം അടുത്തകാലത്തായി വർദ്ധിച്ചിട്ടുണ്ടെന്നും വനംവകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.