തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ തിങ്കളാഴ്ചയുണ്ടായ ചാവേർ സ്ഫോടനത്തിൽ 9 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പ്രദേശത്ത് ഒരു ചാവേർ ബോംബർ ഓടിച്ച മോട്ടോർ സൈക്കിൾ പോലീസ് ട്രക്കിൽ ഇടിച്ചതിന് ശേഷമാണ് സ്ഫോടനം നടന്നതെന്ന് പോലീസ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് 160 കിലോമീറ്റർ (100 മൈൽ) കിഴക്കുള്ള സിബി നഗരത്തിലാണ് ആക്രമണം നടന്നതെന്ന് വക്താവ് മെഹ്മൂദ് ഖാൻ പറഞ്ഞു. ആക്രമണത്തിൽ കുറഞ്ഞത് 7 പോലീസുകാർക്ക് എങ്കിലും പരിക്കേറ്റതായി ആശുപത്രി അധികൃതർ പറഞ്ഞു,
പാകിസ്ഥാനിലെ പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇന്നത്തേത്. അതേസമയം, തിങ്കളാഴ്ചത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ബലൂചിസ്ഥാനിലെ സമ്പന്നമായ ഗ്യാസും ധാതുസമ്പത്തും ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് വംശീയ ബലൂച് ഗറില്ലകൾ പതിറ്റാണ്ടുകളായി മേഖലയിൽ സർക്കാരിനെതിരെ പോരാടുകയാണ്.