വേര്‍പാടിന്‍റെ വേദനയിലും അച്ഛനും അമ്മയും ഉറച്ച നിലപാടെടുത്തു; വിഷ്ണുവിന്‍റെ ഹൃദയവാല്‍വുകൾ ഇനിയും തുടിക്കും

0
51

തിരുവനന്തപുരം: ഒരു നാടിനെയാകെ തീരാ ദുഃഖത്തിലാഴ്ത്തി ചൊവ്വാഴ്ച രാത്രിയിയുണ്ടായ റോഡ് അപകടത്തിൽ മരണപ്പെട്ട എൻജിനീയറിങ് വിദ്യാർഥി എ.എസ്. വിഷ്ണുവിന്‍റെ ഹൃദയ വാൽവുകൾ മറ്റു ഹൃദയങ്ങൾക്ക് തുടിപ്പേകും. ശ്രീചിത്ര മെഡിക്കൽ സെന്‍ററിലെ ഡോക്ടർമാര്‍ വിഷ്ണുവിന്‍റെ ഹൃദയവാൽവുകൾ ബന്ധുക്കളുടെ അനുമതിയോടെ  ശസ്ത്രക്രിയ ചെയ്ത ശേഖരിച്ചു. ഈ ഹൃദയവാൽവ്  ‘വാൽവ് ബാങ്കിൽ’ നിശ്ചിത ഊഷ്മാവിൽ സൂക്ഷിച്ച് അനുയോജ്യമായ രോഗിയുടെ ഹൃദയത്തിന് നൽകുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി 8.30 നാണ് പോത്തൻകോട് ശാന്തിഗിരിയിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് കാട്ടായികോണം കോട്ടുകുടിയിൽ എ.എസ് വിഷ്ണു(20)  മരണപ്പെടുന്നത്. ആറ്റിങ്ങൽ ഗവ. എഞ്ചിനീയറിങ് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു വിഷ്ണു. പഠനം കഴിഞ്ഞ് രാത്രി പോത്തൻകോട് വിസ്മയ ഫാൻസി സെൻററിൽ പാർടൈം ജോലി നോക്കി വരികയായിരുന്നു. ഒപ്പം ജോലി ചെയ്യുന്ന സുഹൃത്ത് കാട്ടായിക്കോണം കോണത്ത് വീട്ടിൽ വിഷ്ണുവിൻറെ ബൈക്കിൽ ശാന്തിഗിരിയിലെ പെട്രോൾ പമ്പിൽ പോയി ഇന്ധനം നിറച്ച് മടങ്ങും വഴിയായിരുന്നു അപകടം.

ഇരുവരെയും അപകടം നടന്ന ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണുവിൻറെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരണപ്പെട്ട വിഷ്ണുവിന്‍റെ പിതാവ് അശോക് കുമാർ നിർമാണ തൊഴിലാളിയാണ്; അമ്മ സൗമ്യ അംഗൻവാടി ജീവനക്കാരിയും. സഹോദരൻ വൈഷ്ണവ് കാട്ടായിക്കോണം യു പി എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here