അച്ഛന്‍റെ കൂടെപ്പോകണമെന്ന് കോടതി, കോടതി മുറിയിലേക്ക് അലറി വിളിച്ച് ഓടിക്കയറി മകന്‍

0
67

നുഷ്യ മനസ് എന്നത് ഏറെ സങ്കീര്‍ണ്ണമായ ഒന്നാണെന്നാണ് നീരീക്ഷിക്കപ്പെട്ടിട്ടുള്ളത്. അത് പോലെ തന്നെയാണ് മനുഷ്യര്‍ക്ക് പരസ്പരമുള്ള ബന്ധങ്ങളും. അച്ഛനും അമ്മയ്ക്കും മക്കളോടുള്ള ബന്ധങ്ങളിലും സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഈ സങ്കീര്‍ണ്ണത കണ്ടെത്താന്‍ കഴിയും. അത്തരത്തില്‍ കഴിഞ്ഞ ദിവസം മുംബൈ ഹൈക്കോടതിയില്‍ ചില നാടകീയ രംഗങ്ങള്‍ നടന്നു. ക്യാൻസർ ബാധിച്ച് മൂന്ന് വര്‍ഷം മുമ്പ് അമ്മ മരിച്ചുപോയ ഒരു കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

അമ്മയുടെ മരണത്തിന് പിന്നാലെ കുട്ടിയുടെ സംരക്ഷണം അമ്മയുടെ ബന്ധുക്കള്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, മകനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് 2019 ല്‍ കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹർജി ഫയല്‍ ചെയ്തു. 2022 ഫെബ്രുവരിയിൽ ഹൈക്കോടതി അച്ഛന് അനുകൂലമായ ഉത്തരവ് വിധിച്ചു. ഈ ഉത്തരവ് 2022 സെപ്റ്റംബറിൽ സുപ്രീം കോടതി ശരിവച്ചു. എന്നാല്‍, കുട്ടിയെ വിട്ട് നല്‍കാന്‍ അമ്മയുടെ വീട്ടുകാര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് അച്ഛന്‍ വീണ്ടും കോടതിയലക്ഷ്യ ഹർജി ഫയല്‍ ചെയ്തു. ഈ ഹര്‍ജിയില്‍ തീര്‍പ്പാക്കിയതിന് പിന്നാലെയാണ് കോടതി വളപ്പില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഉച്ചയ്ക്ക് 2.30 ഓടെ, ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, പി ഡി നായിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കോടതിയലക്ഷ്യ ഹർജിയിൽ കുട്ടിയെ അച്ഛന് കൈമാറണമെന്ന് ഉത്തരവിട്ടു. ഇതിന് പിന്നാലെ അച്ഛന്‍, മകനെ കാറില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ പതിനൊന്ന് വയസുള്ള കുട്ടി കുതറിമാറുകയും അലറി വിളിച്ചു കൊണ്ട് കോടതി മുറിയിലേക്ക് ഓടിക്കയറുകയുമായിരുന്നു. പിന്നാലെ കുട്ടിയുടെ മുത്തശ്ശിയും മറ്റ് ബന്ധുക്കളും കുട്ടിയുടെ അച്ഛനുമായി കോടതി വളപ്പില്‍ വച്ച് വാക്കേറ്റമായി. കുട്ടി കോടതിയിലേക്ക് ഓടിക്കയറിയതോടെ കക്ഷികള്‍ വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി വീണ്ടും കേസ് കേള്‍ക്കാന്‍ തയ്യാറായി.

കുട്ടിയുടെ അമ്മാവന്‍റെയും മുത്തച്ഛന്‍റെയും അഭിഭാഷകനായ ഇമ്രാൻ ഷെയ്ഖ് എന്താണ് സംഭവിച്ചതെന്ന് കോടതിയെ അറിയിച്ചു. അദ്ദേഹം സംഭവത്തിന്‍റെ വീഡിയോകള്‍ കോടതിയെ കാണിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി ഇത് നിരസിച്ചു. തുടര്‍ന്ന് തന്‍റെ കക്ഷികളെ മോശമായി ഉപദേശിച്ച അഡ്വ. ഇമ്രാൻ ഷെയ്ഖിനെ കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. എന്നാല്‍, താന്‍ കക്ഷികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ്  ശ്രമിച്ചെതെന്നും കോടതി തനിക്കെതിരെ ശക്തമായ നിരീക്ഷണങ്ങൾ നടത്തുകയാണെന്നും അഭിഭാഷകൻ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ വാദങ്ങള്‍ മുതല്‍ അഭിഭാഷകന്‍റെ പെരുമാറ്റം കോടതി ശ്രദ്ധിക്കുകയാണെന്നും അഭിഭാഷകന്‍ അതിര് കടക്കുകയാണെന്നും അതിനാലാണ് മുന്നറിയിപ്പ് നല്‍കിയതെന്നും കോടതി രൂക്ഷമായി പ്രതികരിച്ചു.

കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കോടതി പറഞ്ഞു. കൂടാതെ അന്ന് വൈകീട്ട് ഏഴിന് കസ്തൂർബ മാർഗ് പൊലീസ് സ്റ്റേഷനില്‍ വച്ച് കുട്ടിയെ പിതാവിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. ഇതിനിടെ അച്ഛന്‍റെ വീട്ടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വച്ച് കുട്ടിയ കൈമാറണമെന്ന് അച്ഛന്‍റെ അഭിഭാഷകന്‍ അഡ്വ. ആകാശ് വിജയ് കോടതിയോട് പറഞ്ഞു. എന്നാല്‍, അച്ഛന്‍റെ ആഗ്രഹപ്രകാരം എല്ലാ കാര്യങ്ങളും നടക്കില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ഒന്നെങ്കില്‍ നിങ്ങള്‍ക്ക് കോടതി ഉത്തരവ് അനുസരിക്കാം അല്ലെങ്കില്‍ ഉപേക്ഷിക്കാമെന്നും കോടതി അഭിഭാഷകനെ അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here