മുംബൈ: ടെസ്റ്റ് ടീം ക്യാപ്റ്റനെന്ന നിലയില്‍ അധികം മത്സരങ്ങളിലൊന്നും ടീമിനെ നയിച്ചിട്ടില്ലെങ്കിലും വിദേശത്ത് ഇന്ത്യയുടെ എക്കാലത്തെയും മഹത്തായ ടെസ്റ്റ് പരമ്പര വിജയങ്ങളിലൊന്ന് ഇന്ത്യ നേടിയത് അജിങ്ക്യാ രഹാനെക്ക് കീഴിലാണ്. വിരാട് കോലിക്ക് കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്ന രഹാനെ 2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കോലിയുടെ അഭാവത്തില്‍ ആറ് ടെസ്റ്റുകളില്‍ മാത്രമാണ് ഇന്ത്യയെ നയിച്ചത്. ഇതില്‍ 2019-20ല്‍ ഓസ്ട്രേലിയയില്‍ നേടിയ ടെസ്റ്റ് പരമ്പര ജയവും 2017ല്‍ ഇന്ത്യയില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ പരമ്പര ജയവും ഉള്‍പ്പെടുന്നു.
പൊതുവെ മിതഭാഷിയായ രഹാനെയില്‍ ധോണിയുടെ ശാന്തതയോ കോലിയുടെ ആക്രമണോത്സുകതയോ കാണാനാവില്ലെങ്കിലും അദ്ദേഹം ഒരിക്കലും ദുര്‍ബലനായ നായകനായിരുന്നില്ലെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ ഫീല്‍ഡിം കോച്ച് ആര്‍ ശ്രീധര്‍ തന്‍റെ പുസ്തകമായ ‘Coaching Beyond’ല്‍.
പന്ത് കൊണ്ടതോടെ വേദനകൊണ്ട് കാല്‍ മുടന്തി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങാനായി നടന്ന പൃഥ്വി ഷായോട് സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന രഹാനെ ഉറക്കെ വിളിച്ചു പറഞ്ഞു. നീ ഇനി ഒരടി മുന്നോട്ട് വെക്കരുത്. ആ പന്ത് നിന്‍റെ ദേഹത്തല്ല, ഷിന്‍ ഗാര്‍ഡിലാണ് കൊണ്ടതെന്നും നിനക്കൊന്നും പറ്റിയിട്ടില്ലെന്നും എനിക്കറിയാം. ഡ്രസ്സിംഗ് റൂമില്‍ പോയി വിശ്രമിക്കാന്‍ ഒരു കാരണം കിട്ടാന്‍ കാത്തിരിക്കുകയാണ് നീ എന്നും എനിക്കറിയാം. അത് നടക്കില്ല, പോയി ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യ് എന്ന് രഹാനെ ഉറക്കെ ടീം അംഗങ്ങളെല്ലാം കേള്‍ക്കെ വിളിച്ചു പറഞ്ഞു.
ഇതുകേട്ട പൃഥ്വി അനുസരണയുള്ള കുട്ടിയെപ്പോലെ ഷോര്‍ട്ട് ലെഗ്ഗില്‍ പോയി ഫീല്‍ഡിംഗിനായി നില്‍ക്കുകയും ചെയ്തു. ഇത്തരം കള്ളത്തരങ്ങള്‍ താന്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് രഹാനെ ടീം അംഗങ്ങളോടും പറഞ്ഞു. ടീമിലെ എല്ലാവരെയും ഒരുപോലെ പരിഗണിച്ചിരുന്ന രഹാനെ ആര്‍ക്കും സമീപിക്കാവുന്ന നായകനായിരുന്നുവെന്നും ശ്രീധര്‍ പുസ്തകത്തില്‍ പറയുന്നു.
ദേഷ്യപ്പെടാതെയും മോശം വാക്കുകള്‍ ഉപയോഗിക്കാതെയും ആരോടും കാര്യം പറയാന്‍ രഹാനെക്ക് അറിയാമായിരുന്നു. കളിയെക്കുറിച്ച് വ്യക്തമായ ധാരണയും അദ്ദേഹത്തിനുണ്ട്. രഹാനെക്ക് കീഴില്‍ കളിച്ചപ്പോള്‍ സീനിയര്‍ താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ കളിച്ചിരുന്നുവെന്നും ടെസ്റ്റില്‍ 66.66 വിജയശതമാനമുള്ള രഹാനെയുടെ ക്യാപ്റ്റന്‍സി മികവിന് അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്നും ശ്രീധര്‍ കുറിച്ചു.