സര്‍ക്കാര്‍ ഓഫീസുകളിലെ കൂട്ട അവധികളില്‍ മാര്‍ഗ രേഖയിറക്കാന്‍ റവന്യു വകുപ്പില്‍ ആലോചന. ഉന്നത ഉദ്യോഗസ്ഥര്‍ വിവരശേഖരണം ആരംഭിച്ചു.
കൂട്ട അവധി നിയന്ത്രിക്കാന്‍ നീക്കമുണ്ടാകും. ഒരു ദിവസം എത്ര പേര്‍ക്ക് അവധിയെന്നത് നിശ്ചയിച്ചേക്കും. വിഷയം വ്യാഴാഴ്ച്ച ചേരുന്ന റവന്യു സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യാനാണ് ആലോചന. കോന്നിയിലെ കൂട്ട അവധി വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.
സംഭവത്തില്‍ മന്ത്രി കെ. രാജന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. കൂട്ട അവധിയെടുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ടെങ്കിലും അതൊന്നും ഇതുവരെ ചര്‍ച്ചയായിട്ടില്ല. അവധിമൂലം ഓഫീസിന്റെ പ്രവര്‍ത്തനം മുടങ്ങില്ലെന്ന് മേലധികാരികള്‍ ഉറപ്പാക്കണമെന്നാണ് ചട്ടം. കോന്നിയിലും മറ്റും അതുറപ്പാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മണ്തരി പറഞ്ഞിരുന്നു.
എന്നാല്‍ കോന്നിയിലും മറ്റും ഉണ്ടായ സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെന്നും അതിന്റെപേരില്‍ സര്‍ക്കാര്‍ ജീവനക്കാരെയാകെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നുമാണ് സര്‍വീസ് സംഘടനകളുടെ വാദം. എല്ലാദിവസവും ജീവനക്കാര്‍ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോകുന്നവരല്ല. അവര്‍ക്കും മാനുഷികപരിഗണന ആവശ്യമാണെന്ന് സംഘടനാനേതാക്കള്‍ പറയുന്നു.