മാലൂര്‍: പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയുണ്ടാക്കിയ കൂരയിൽ നിന്ന് പത്താംക്ലാസിൽ ഉന്നതവിജയം നേടിയ കണ്ണൂരിലെ ഗോപികയ്ക്ക് സുമനസുകളും സഹായം. ഗോപികയ്ക്ക് വീടൊരുക്കി മാലൂരിലെ കോൺഗ്രസ് പ്രവർത്തകർ.
വാർത്ത കണ്ട സുമനസുകളുടെ സഹായവും ഒപ്പം മാലൂരിലെ കോൺഗ്രസ് പ്രവർത്തകരും കൈകോർത്തതോടെ ഗോപികയുടെ കുടുംബത്തിന് അടച്ചുറപ്പുള്ളൊരു വീട് തയ്യാറായിരിക്കുന്നു. ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുടുംബത്തിന് പുതിയ വീടിന്റെ താക്കോൽ കൈമാറും
പത്താം ക്ലാസിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് വാങ്ങി ഇന്ന് പ്ലസ് വൺ ക്ലാസുകളിലേക്ക് പോകുന്ന ഒരു പാട് കുട്ടികളുണ്ട് സംസ്ഥാനത്ത്. പക്ഷെ കണ്ണൂർ മാലൂരിലെ ഗോപികയുടെ എ പ്ലസിന് വല്ലാത്ത തിളക്കമുണ്ട്. കുന്നിന് മുകളിൽ പ്ലാസ്റ്റി ഷീറ്റ് വലിച്ചുകെട്ടിയുണ്ടാക്കിയ കൂരയിലെ ഇല്ലായ്മകളിൽ തളരാതെയാണ് പതിനഞ്ചുകാരി ജീവിത സ്വപ്നങ്ങൾ നെയ്യുന്നത്.
ഒരു പാവിരിച്ചാൽ പിന്നെ നിന്ന് തിരിയാനാകാത്ത കൂരയിലാണ് രജിതയും രാജീവനും രണ്ട് മക്കളും പതിനാറ് കൊല്ലമായി ജീവിച്ചിരുന്നത്. കാറ്റത്ത് മേൽക്കൂര നിലം പൊത്തിയേക്കാം. രാത്രിയുടെ ഇരുട്ടിൽ ഇഴജന്തുക്കൾ പതിയിരിക്കുന്നുണ്ട്. അടച്ചുറപ്പുള്ളൊരു വീടില്ലാത്തതിനാൽ മക്കളെയും ചേർത്ത് പിടിച്ച് ഉറങ്ങാതെ നേരം വെളുപ്പിച്ച പേമാരി രാത്രികളുടെ ഓർമ്മയിൽ രജിത വിതുമ്പും.
ഒന്നരക്കൊല്ലത്തിന് ശേഷം ന്യൂസ് സംഘം മാലൂരേക്കെത്തിയപ്പോൾ രജിത നല്ല ഉഷാറിലാണ്. പാലുകാച്ചലിന്റെ നൂറുകൂട്ടം കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. ഭർത്താവ് രാജീവനും മകൾ ഗോപികയും ടൗണിൽ സാധനങ്ങൾ വാങ്ങാൻ പോയതാണെന്ന് രജിത പ്രതികരിച്ചു. രജിതയുടെ സ്കൂളിലെ എൻഎഎസ്എസും അധ്യാപകരും കോൺഗ്രസ് പ്രവർത്തകരുമൊക്കെ കൈകോർത്ത് ഒരു സ്റ്റൈലൻ വീടാണ് നിർമ്മിച്ചിരിക്കുന്നത്. മകൾക്ക് ചിത്രരചനയ്ക്ക് കിട്ടിയ സമ്മാനങ്ങളൊക്കെ പുതിയ വീട്ടിലേക്ക് ഇതിനോടകം തന്നെ കൊണ്ടുവച്ചിട്ടുണ്ട് രജിത.