പാലക്കാട് • മെമു ഷെഡ് വിപുലീകരണം പൂർത്തിയാകുന്നതോടെ പാലക്കാട് കേന്ദ്രീകരിച്ചു വന്ദേഭാരത് എക്സ്പ്രസുകൾ ഓടിക്കാൻ സൗകര്യമൊരുങ്ങുന്നു. നിർദിഷ്ട കോയമ്പത്തൂർ– ബെംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്കു നീട്ടുന്നതിന് തടസ്സമായി ഉന്നയിക്കപ്പെടുന്ന അടിസ്ഥാന സൗകര്യമില്ലായ്മയും ഇതോടെ പരിഹരിക്കപ്പെടും. പാലക്കാട്ടെ മെമു ഷെഡ് ഇപ്പോൾ വിപുലീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്.മെമു റേക്കുമായി ഏറെ സാദൃശ്യമുള്ളതാണു വന്ദേഭാരത് എക്സ്പ്രസിന്റെ കാറുകളും. അത്യാവശ്യ സൗകര്യങ്ങൾ കൂട്ടിയാൽ മെമു ഷെഡിൽ തന്നെ ഇതിന്റെ അറ്റകുറ്റപ്പണികളും നടത്താനാവും.
ആഴ്ചയിൽ അഞ്ചു ദിവസം മാത്രം കോഴിക്കോട്ടേക്കു നീട്ടുകയും ഒരു ദിവസം പാലക്കാട്ടു സർവീസ് അവസാനിപ്പിക്കുകയും ചെയ്യുക വഴി വന്ദേഭാരതിന്റെ അറ്റകുറ്റപ്പണികൾ ഇവിടെത്തന്നെ നടത്താനാവും. ആ ഒരു ദിവസം പണികൾ നടത്തി തൊട്ടടുത്ത ദിവസം പാലക്കാട്ടു നിന്ന് പുറപ്പെടുന്ന തരത്തിൽ സർവീസ് ക്രമീകരിക്കുകയുമാവാം. കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സർവീസ് ആരംഭിച്ചാൽ മുഴുവൻ കേരളത്തിനും അത് ഉപയോഗപ്രദമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.