ന്യൂഡല്‍ഹി: അണ്ടര്‍ 19 ലോക കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് അഞ്ചു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്.
ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വനിതാ ക്രിക്കറ്റ് ഇന്ത്യയില്‍ പുതിയ ഉയരങ്ങള്‍ കൈവരിച്ചിരിക്കുകയാണെന്ന്, ജയ് ഷാ ട്വീറ്റ് ചെയ്തു. ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനുമായി അഞ്ചു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ഷാ അറിയിച്ചു. ടീമിനെ ഷാ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലേക്കു ക്ഷണിച്ചു. ഇവിടെയാണ് വിജയാഘോഷങ്ങള്‍ നടക്കുക.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ്, ഷഫാലി വര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കിരീടം നേടിയത്.