ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആ‍‍ർഡൻ രാജി പ്രഖ്യാപിച്ചു

0
61

ന്യൂസിലാൻഡ്: അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആ‍‍ർഡെൻ. അടുത്ത മാസം ഏഴിന് രാജിവയ്ക്കും. ഒരു തെരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജം ഇല്ലെന്ന് ജസീന്ത വ്യക്തമാക്കി. ഒക്ടോബര്‍ 14ന് ന്യൂസീലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. കാലാവധി തീരാൻ പത്തുമാസം ശേഷിക്കെയാണ് പടിയിറക്കം. അടുത്ത മാസം 7ന് ലേബർ പാർട്ടി നേതാവ് സ്ഥാനവും ഒഴിയും. തിരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്നും ജസിൻഡ അറിയിച്ചു. പകരക്കാരനെ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്നും ജസീന്ത ആ‍ർഡെൻ വ്യക്തമാക്കി. ജനുവരി 22 ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി തന്റെ പാർട്ടി തിരഞ്ഞെടുപ്പ് നടത്തുമെന്നും അവർ പറഞ്ഞു.

2017-ൽ തന്റെ 37-ാം വയസ്സിൽ ‌തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസിൻഡ. 2017ൽ സഖ്യ സർക്കാരിന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ജസിൻഡ മൂന്നു വർഷത്തിനിപ്പുറം തന്റെ കക്ഷിയായ ലേബർ പാർട്ടിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ച് പ്രധാനമന്ത്രിയായി. ന്യൂസീലൻഡിന്റെ 50 വർഷത്തെ ചരിത്രത്തിൽ മറ്റൊരു പാർട്ടിക്കും നൽകാത്ത സീറ്റുകൾ ലേബറിനു നൽകിയാണു ജനം അന്ന് വിധിയെഴുതിയത്. 1996നു ശേഷം ന്യൂസീലൻഡിൽ ആദ്യമായാണ് ഒരു കക്ഷി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയത്. എന്നാൽ ഏതാനും മാസങ്ങളായി ജസീൻഡയ്ക്കും സർക്കാരിനും ജനപ്രീതിയിൽ ഇടിവു നേരിട്ടിരുന്നു.കോവിഡ് -19 മഹാമാരിയിലൂടെയും ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ നടന്ന ഭീകരാക്രമണം ഉൾപ്പെടെയുള്ള സമയങ്ങളില്‍ അവർ ന്യൂസിലാൻഡിനെ നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here