വൻവിജയമായ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്രകൾ കണ്ണൂർ ജില്ലയിൽ 150 യാത്രകൾ പിന്നിട്ടു. 2022 ഫെബ്രുവരിയിൽ വയനാട് ടൂർ പാക്കേജിലൂടെയാണ് ജില്ലയിൽ ആനവണ്ടി ഉല്ലാസയാത്രകൾക്ക് തുടക്കമായത്. ഇപ്പോൾ ശരാശരി 10 യാത്രകളോളം ഓരോ മാസവും നടത്താറുണ്ട്. ഇതുവരെയായി 5000ത്തിലധികം പേർ ഉല്ലാസയാത്രകളിൽ പങ്കെടുക്കുകയും ചെയ്തു.
മൂന്നാർ, വാഗമൺ യാത്രകളാണ് ഏറെ പ്രിയപ്പെട്ട പാക്കേജ്. ഇവിടങ്ങളിലേക്ക് മാത്രമായി 70ലധികം യാത്രകൾ പൂർത്തിയായിട്ടുണ്ട്. വയനാട് യാത്രകളും പാക്കേജുകളിൽ ശ്രദ്ധേയമാണ്. ബജറ്റ് ടൂറിസം പദ്ധതിയിലൂടെ 10 മുതൽ 15 ലക്ഷംവരെ മാസവരുമാനം ലഭിക്കുന്നുണ്ട്. വർഷം ഒന്നാകുന്നേ ഉള്ളുവെങ്കിലും, വരുമാനം ഒരുകോടി കവിഞ്ഞ് മെഗാ ഹിറ്റായിരിക്കുകയാണ് ആനവണ്ടിയാത്രകൾ. കെ.എസ്.ആർ!.ടി.സി. കണ്ണൂർ ഡിപ്പോ ഡി.ടി.ഒ. വി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ ബി.ടി.സി. ജില്ലാ കോ ഓർഡിനേറ്റർ കെ.ജെ. ജോയ്, യൂണിറ്റ് കോ ഓർഡിനേറ്റർ കെ.ആർ. തൻസീർ എന്നിവരാണ് ജില്ലയിൽ യാത്രകൾക്ക് നേതൃത്വം നൽകുന്നത്.
ഇത്തവണ മുതൽ ഗവിയിലേക്കും കെ.എസ്.ആർ.ടി.സി. യാത്രകൾ തുടങ്ങുകയാണ്. 21ന് വൈകീട്ട് ആറിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ എത്തുന്ന രീതിയിലാണ് യാത്ര. ബോട്ടിങ്, ഭക്ഷണം എന്നിവ ഉൾപ്പെടെ ഒരാൾക്ക് 3550 രൂപയാണ് നിരക്ക്. 22ന് രാത്രി പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ കണ്ണൂരിൽ തിരിച്ചെത്തുകയും ചെയ്യും. ഈയാഴ്ചയിൽ വാഗമൺ, വയനാട്, റാണിപുരം എന്നിവിടങ്ങളിലേയ്ക്കായി യാത്രകൾ ഉണ്ടാകും.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9496131288, 8089463675, 9605372288.