ന്യൂഡല്‍ഹി: ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജനാധിപത്യത്തിൽ ഒരു നേതാവിനെ ദൈവത്തെ പോലെ കണ്ടാൽ അത് സേച്ഛാധിപത്യമായി മാറുമെന്നായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. ഇന്ത്യന്‍ ഭരണഘടനയും പൗരന്‍മാരുടെ അവകാശങ്ങളും സംരക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
”ജനാധിപത്യത്തില്‍ ഒരു നേതാവിനെ മാത്രം ദൈവത്തെ പോലെ കാണണമെന്ന് പറയുന്നത് ശരിയല്ല. അങ്ങനെയുള്ള ഭരണത്തെ ജനാധിപത്യമെന്ന് വിളിക്കാനാകില്ല. അത് സേച്ഛ്യാധിപത്യമാണ്. ഒരു ഏകാധിപത്യ ഭരണത്തിലേക്കായിരിക്കും അവ നമ്മെ നയിക്കുക. നിങ്ങള്‍ ആലോചിച്ച് നോക്കൂ. നിങ്ങളുടെ അവകാശങ്ങളെ കുറിച്ച് പൂര്‍ണ്ണമായി മനസ്സിലാക്കുകയും വേണം,” ഖാര്‍ഗെ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ് സി -എസ് ടി വിഭാഗത്തിലുള്ളവര്‍ക്കായി കര്‍ണാടകയില്‍ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. ഐക്യബോധമുള്ള ഒരു ജനതയെ അംഗീകരിക്കാതിരിക്കാന്‍ ഒരു നേതാവിനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഐക്യബോധത്തോടെ നിങ്ങള്‍ ഒത്തുച്ചേര്‍ന്നാല്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. നിങ്ങളില്‍ ഐക്യബോധം ഇല്ലെങ്കില്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം മോദി നിങ്ങളിലും ഉപയോഗിക്കും. എല്ലാ ജനങ്ങളിലും ഈ നയം വ്യാപിക്കും,’ ഖാര്‍ഗെ പറഞ്ഞു.