ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും ഒമാനും തമ്മില്‍ പുതിയ കരാർ. ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ഒമാൻ സുൽത്താനേറ്റിന്റെ ഗതാഗത, വാർത്താവിനിമയ, ഇൻഫർമേഷൻ മന്ത്രാലയവും തമ്മിൽ 2023 ഡിസംബർ 15-ന് ഒപ്പുവച്ച ധാരണാപത്രം (എംഒയു) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തില്‍ അംഗീകാരം നല്‍കുകയായിരുന്നു.
പരസ്പര പിന്തുണ, സാങ്കേതികവിദ്യകളുടെ പങ്കുവയ്ക്കൽ, വിവര കൈമാറ്റം , ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ നിക്ഷേപങ്ങൾ എന്നിവയിലൂടെ കരാർകക്ഷികൾക്കിടയിൽ സമഗ്രമായ സഹകരണം പ്രോത്സാഹിപ്പിക്കാനാണ് ധാരണാപത്രം ഉദ്ദേശിക്കുന്നത്. ഇരു കക്ഷികളും ഒപ്പിട്ട തീയതി മുതൽ ധാരണാപത്രം പ്രാബല്യത്തിൽ വരും. കൂടാതെ, 3 വർഷത്തേക്ക് കരാർ പ്രാബല്യം നിലനിൽക്കും.
വിവര സാങ്കേതിക മേഖലയിലെ ജി2ജി, ബി2ബി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തും. ഐടി മേഖലയിലെ തൊഴിലവസരങ്ങളിലേക്ക് നയിക്കുന്ന മെച്ചപ്പെട്ട സഹകരണം ധാരണാപത്രം വിഭാവനം ചെയ്യുന്നു. ഇതിലൂടെ ഇന്ത്യന്‍ ഐടി വിദഗ്ധർക്ക് ഒമാനില്‍ കൂടുതല്‍ തൊഴില്‍ സാധ്യത രൂപപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
ഉഭയകക്ഷി, പ്രാദേശിക സഹകരണ മേഖലയ്ക്ക് കീഴിലുള്ള ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജിയുടെ (ICT) ഉയർന്നുവരുന്ന മേഖലകളിൽ അന്തർദേശീയ സഹകരണം പ്രോത്സാഹിപ്പിക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഐസിടി മേഖലയില്‍ ഉഭയകക്ഷി, ബഹുമുഖ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ നിരവധി രാജ്യങ്ങളുമായും ബഹുമുഖ ഏജൻസികളുമായും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയ സഹകരിക്കുന്നു.
ഈ കാലയളവിൽ, ഐസിടി മേഖലകളിലെ സഹകരണവും വിവര കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം വിവിധ രാജ്യങ്ങളിൽ നിന്നുള്ള അതാത് സംഘടനകൾ/ഏജൻസികൾ എന്നിവയുമായി ധാരണാപത്രങ്ങൾ/ ഉടമ്പടികളിൽ ഏർപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഡിജിറ്റലായി ശാക്തീകരിക്കുന്നതിന്, ഡിജിറ്റൽ ഇന്ത്യ, ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ തുടങ്ങിയ ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ച വിവിധ സംരംഭങ്ങളുമായി ഇത് ചേർന്നുപോകുന്നു.
മാറിക്കൊണ്ടിരിക്കുന്ന ഈ ലോക മാതൃകയിൽ, പരസ്പര സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിസിനസ്സ് അവസരങ്ങൾ കണ്ടെത്തുന്നതിനും മികച്ച സമ്പ്രദായങ്ങൾ പങ്കുവയ്ക്കുന്നതിനും ഡിജിറ്റൽ മേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനും നിരവധി പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്.
അതേസമയം, ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് പോകാന്‍ വിസ ആവശ്യമില്ലെന്ന രീതിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വന്ന വാര്‍ത്ത ശരിയല്ലെന്ന് റോയല്‍ ഒമാന്‍ പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങള്‍ സംബന്ധിച്ച് ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് അടിസ്ഥാനമാക്കി ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
ഇതിലാണ് ഒമാന്‍ പൊലീസ് വ്യക്തത വരുത്തിയിരിക്കുന്നത്. ഒമാനില്‍ പ്രവേശിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമാണ് എന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. മറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും അധികൃതര്‍ അറിയിച്ചു. വിസ നയത്തില്‍ സമീപകാലത്ത് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് വിശദീകരണം. റോയല്‍ ഒമാന്‍ പോലീസിലെ പബ്ലിക് റിലേഷന്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്‍ ഹഷ്മിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.