അഗർത്തല: പെൺകുഞ്ഞ് ജനിച്ച വിഷമത്തിൽ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. തൃപുര ഗൗതം നഗർ സ്വദേശി പ്രാൺ ഗോബിന്ദ എന്ന യുവാവാണ് ജീവനൊടുക്കിയത്. ഭർത്താവിന്റെ മരണ വാർത്ത അറിഞ്ഞ ഭാര്യ സുപ്രിയ ദാസ് (23) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
ആൺകുഞ്ഞിനായി പ്രതീക്ഷിച്ചിരുന്ന ഭർത്താവിനും വീട്ടുകാര്‍ക്കും ഇത് ഉൾക്കൊള്ളാനായിരുന്നില്ല. ഇതിനെത്തുടർന്ന് വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതേ തുടർന്ന് സങ്കടത്തിലായ പ്രാൺ, ഞായറാഴ്ച ഭാര്യയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങുകയും തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രാൺ മരിച്ച വിവരം അറിഞ്ഞ് കുറച്ച് സമയങ്ങൾക്കുള്ളിൽ ഹൃദയാഘാതത്തെ തുടർന്ന് സുപ്രിയയും മരണത്തിന് കീഴടങ്ങി. പെൺകുഞ്ഞ് ജനിച്ചതിന്‍റെ പേരിൽ സുപ്രിയയെ ഭർത്താവിന്റെ അമ്മയും ബന്ധുക്കളും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അയൽവാസികൾ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.