തിരുവനന്തപുരം : വിഖ്യാത ശിൽപ്പി കാനായി കുഞ്ഞിരാമന്റെ സാഗര കന്യകയ്ക്ക് ഗിന്നസ് റെക്കോർഡ്. ശംഖുമുഖത്ത് അസ്തമയ സൂരയനെ നോക്കി കിടക്കുന്ന സാഗര കന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന റെക്കോർഡാണ് ലഭിച്ചിരിക്കുന്നത്. ചിപ്പിക്കുള്ളിൽ കിടക്കുന്ന തരത്തിലാണ് സാഗര കന്യകയുടെ ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. ഈ ശിൽപ്പം ചിപ്പിക്കുള്ളിലായതിനുമുണ്ട് ഒരു കഥ. ആ കഥയും പുരസ്കാര നേട്ടത്തിലെ സന്തോഷവും ഓർമ്മകളും ശിൽപ്പി കാനായി കുഞ്ഞിരാമൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവെക്കുന്നു…
അപേക്ഷിക്കാതെ ലഭിച്ച പുരസ്കാരത്തിൽ വലിയ സന്തോഷമുണ്ടെന്ന് പറയുന്നു കാനായി കുഞ്ഞിരാമൻ. ലോക റെക്കോർഡിനർഹമായ ശിൽപ്പം കേരളത്തിൽ ശംഖുമുഖത്ത് തന്നെ നിർമ്മിക്കാനായതിൽ അതിലേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങൾക്ക് മുമ്പാണ് അപരിചിതമായ ഒരു നമ്പറിൽ നിന്ന് കോൾ വരുന്നത്. ഫോൺ എടുത്തപ്പോൾ ലണ്ടനിൽ നിന്നാണെന്നും സാഗര കന്യകയ്ക്ക് ലോക റെക്കോർഡ് ലഭിച്ചിട്ടുണ്ടെന്നും സെർട്ടിഫിക്കറ്റ് അയച്ചുതരുമെന്നും അറിയിച്ചു. അപ്പോഴാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ മത്സ്യകന്യകാ ശിൽപ്പമാണ് സാഗരകന്യകയെന്ന് താൻ അറിയുന്നതെന്നും കാനായി പറഞ്ഞു.
നിർമ്മിച്ച് 30 വർഷം കഴിഞ്ഞാണ് ഇങ്ങനെയൊരു ശിൽപ്പത്തെ കുറിച്ച് അറിയുന്നതെന്നും ഫോണിൽ ബന്ധപ്പെട്ട ഗിന്നസ് അധികൃതർ പറഞ്ഞു. ലോകത്തെ മത്സ്യകന്യക ശിൽപ്പങ്ങളെ കുറിച്ച് ഒരു പുസ്തകം ലണ്ടനി നിന്ന് പുറത്തിറങ്ങുന്നുണ്ടെന്നും അതിൽ സാഗരകന്യക ഉൾപ്പെടുമെന്നും അറിയുന്നു. എല്ലാത്തിലും വളരെ സന്തോഷമാണെന്നും അദ്ദേഹം പ്രതികരിച്ചു.