കേരള -തമിഴ്നാട് അതിർത്തിയിലെ കമ്പംമെട്ട് പൊലീസ് സ്റ്റേഷനാണ് ഇന്ന് കള്ള് ഷാപ്പായത്. അന്നത്തെ തൊണ്ടി സൂക്ഷിച്ചിരുന്ന മുറിയിലാണിപ്പോൾ കള്ളുഷാപ്പിലെ പാചകം. ലോക്കപ്പ് റൂം കള്ളൂറ്റുന്ന മുറിയായി. എസ്ഐയുടെ മുറിയും ഓഫീസ് റൂമുമൊക്കെ കള്ള് കുടിക്കുന്ന കേന്ദ്രമായി. അങ്ങനെ പൊലീസ് സ്റ്റേഷൻ ആകെ മൊത്തം കള്ളുഷാപ്പായി.
തമിഴ്നാട്ടിൽ നിന്നുള്ള കവർച്ച സംഘങ്ങളുടെ ശല്യം കമ്പംമെട്ടിൽ രൂക്ഷമായിരുന്നു. ഇത് തടയാൻ 1980 ൽ ടികെ രാമകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് കമ്പംമെട്ടിൽ പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. കുമ്മായമടിച്ച് ഓടുമേഞ്ഞ ഏക കെട്ടിടമായിരുന്നു അന്നീ കെട്ടീടം. ഒരു എസ്ഐയും 4 പൊലീസുകാരുമാണ് ഇവിടെയുണ്ടായിരുന്നത്. എല്ലാം പഴയ നിക്കർ പൊലീസുകാരായിരുന്നു.
രണ്ട് പതിറ്റാണ്ട് കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇപ്പോൾ കള്ളുഷാപ്പായി പ്രവർത്തനം തുടരുന്നത്. പുതിയ കെട്ടിടം നിർമിക്കുന്നതുവരെ ഇതായിരുന്നു സ്റ്റേഷൻ. ഷാപ്പിലെ കപ്പയും, പന്നിക്കറിയും പന്നി ഫ്രൈയും ബീഫ് ഫ്രൈയുമൊക്കെ കഴിക്കാനായും ആളുകളിവിടെ വരുന്നുണ്ട്. മലയാളികളേക്കാൾ തമിഴ്നാട്ടിൽ നിന്നാണ് കൂടുതൽ പേരും കള്ളു കുടിക്കാനെത്തുന്നത്.