ബാറ്റിംഗിനെത്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്ഥാന്റെ സെമി ഫൈനല്‍ സാധ്യതകള്‍ തുലാസിലായി.
ചെറിയ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ ബാബര്‍ അസം (4), മുഹമ്മദ് റിസ്‌വാന്‍ (14) എന്നിവരെ പാകിസ്ഥാന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ഷാന്‍ മസൂദ് (44) മാത്രമാണ് പിടിച്ചുനിന്നത്. മുഹമ്മദ് നവാസ് (22) പരമാവധി ശ്രമിച്ചെങ്കിലും അവസാന ഓവറില്‍ വീണതോടെ കാര്യങ്ങള്‍ സിംബാബ്‌വെയ്ക്ക് അനുകൂലമായി.
ഇഫ്തികര്‍ അഹമ്മദ് (5), ഷദാബ് ഖാന്‍ (17), ഹൈദര്‍ അലി (0), ഷഹീന്‍ അഫ്രീദി (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്ദര്‍ റാസയാണ് പാകിസ്ഥാനെ തകര്‍ത്തത്. ബ്രാഡ് ഇവാന്‍സിന് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, സിംബാബ്‌വെയെ മുഹമ്മദ് വസിം, ഷദാബ് ഖാന്‍ എന്നിവരാണ് എറിഞ്ഞൊതുക്കിയത്. വസിം നാലും ഷദാബ് മൂന്നും വിക്കറ്റ് നേടി. 31 റണ്‍സ് നേടിയ സീന്‍ വില്യംസാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.