റിയാദ്: സമീപകാലത്തായി വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. പല നയങ്ങളിലും കാതലമായ മാറ്റം വരുത്തുകയാണ് സൗദി. 30 വര്‍ഷത്തിലേറെ നീണ്ട നിരോധനം നീക്കി സിനിമാ പ്രദര്‍ശനം ആരംഭിച്ചത് അടുത്തിടെയാണ്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചു, മൈതാനങ്ങളില്‍ സ്ത്രീകള്‍ക്ക് എത്താന്‍ അനുമതിയുണ്ട്, സ്വന്തമായി ബിസിനസ് ആരംഭിക്കാം, മഹ്‌റമിന്റെ കൂടെ അല്ലാതെ തന്നെ ഉംറയ്ക്ക് മക്കയിലെത്താം.തുടങ്ങി ഒരുപിടി പരിഷ്‌കാരങ്ങളാണ് സൗദി നടപ്പാക്കുന്നത്. ഇനി മദ്യവില്‍പ്പനയ്ക്ക് കൂടി സൗദി അനുമതി നല്‍കുമെന്നാണ് വാര്‍ത്തകള്‍.
മദ്യവില്‍പ്പനയ്ക്ക് നിരോധനമുള്ള രാജ്യമാണ് സൗദി അറേബ്യ. ഈ നിരോധനത്തില്‍ ചില ഇളവുകള്‍ വരുമെന്നാണ് വാര്‍ത്തകള്‍. വിമാനത്താവളങ്ങളില്‍ മദ്യവില്‍പ്പന തുടങ്ങിയേക്കും. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ ആരംഭിക്കുമെന്നാണ് വിവരം. ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അറേബ്യന്‍ ബിസിനസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയത്.
എല്ലാ വിമാനത്താവളങ്ങളിലും മദ്യവില്‍പ്പന ആരംഭിക്കില്ല. തിരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ മാത്രമാകും വില്‍പ്പന. അന്താരാഷ്ട്ര യാത്രക്കാരെ ലക്ഷ്യമിട്ടാകുമിത്. കടുത്ത നിയന്ത്രണത്തോടെയാകും വില്‍പ്പന എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂറിസം മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മദ്യം അനുവദിച്ചേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.