സൗദിയില്‍ സിനിമാ ടിക്കറ്റ് വില്‍പനയില്‍ നിന്നുള്ള വരുമാനത്തില്‍ രണ്ടായിരത്തി അറുനൂറ് ശതമാനം വര്‍ധനവ്.

0
73

സൗദിയില്‍ സിനിമാ ടിക്കറ്റ് വില്‍പനയില്‍ നിന്നുള്ള വരുമാനത്തില്‍ രണ്ടായിരത്തി അറുനൂറ് ശതമാനം വര്‍ധനവ്. സാംസ്‌കാരിക മന്ത്രാലയത്തിന്റെ കണക്കാണ് പുറത്തുവന്നത്. ലോകത്തുടനീളം ഓണ്‍ലൈന്‍ സ്ട്രീമിങ് സംവിധാനം വ്യാപകമാകുമ്പോഴും സൗദിയില്‍ ആളുകള്‍ തീയേറ്ററുകളില്‍ എത്തുന്നു എന്നാണ് കണക്ക് പറയുന്നത്.2021 ല്‍ സിനിമ കാണാനായി പ്രേക്ഷകര്‍ ചിലവഴിച്ചത് 20 കോടി റിയാലാണ്. പൊതു സിനിമാ പ്രദര്‍ശനങ്ങള്‍ പരമ്പരാഗതമായി നിരോധിച്ചിരുന്ന സൗദിയില്‍ 2018 ലാണ് വീണ്ടും തീയേറ്ററുകള്‍ തുറന്നത്. അക്കാലത്ത് 70 ലക്ഷം റിയാല്‍ മാത്രമായിരുന്നു വരുമാനം. ഇതിന് ശേഷം മുപ്പത് കോടിയിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. സിനിമകളുടെ സ്‌ക്രീനിങ് നടത്തി വ്യത്യസ്ത പ്രായക്കാര്‍ക്കായി തരം തിരിക്കുന്നത് സൗദി ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയയാണ്.
എഎംസി അഥവാ അമേരിക്കന്‍ മള്‍ട്ടി സിനിമയാണ് സൗദിയില്‍ തുറന്ന ആദ്യ തീേയറ്റര്‍. രാജ്യത്തുടനീളം പുതിയ സിനിമാശാലകള്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട്. 2020 നും 2021 നും ഇടയില്‍ പതിനൊന്ന് പുതിയ തീയേറ്ററുകള്‍ ഉണ്ടായിട്ടുണ്ട്. ഇതോടെ രാജ്യത്താകെ തീയേറ്ററുകളുടെ എണ്ണം 54 ആയി. സിനിമാ ഷൂട്ടിങ്ങും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. തീയേറ്ററുകള്‍ വഴി 4400 പേര്‍ക്കാണ് ജോലി നല്‍കിയത്. ഉപഭോക്താക്കള്‍ തിയറ്ററുകളില്‍ നിന്ന് സ്ട്രീമിങ് സേവനങ്ങളിലേക്ക് മാറുന്ന കാലമാണ്. അപ്പോഴും, സിനിമ വരുമാനത്തില്‍ നല്ല വളര്‍ച്ച കൈവരിക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായ ചൈനയ്‌ക്കൊപ്പം സൗദി അറേബ്യയുമുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here