ഏറ്റവും പുതിയ ഐഫോണ്‍ പതിപ്പായ ഐഫോണ്‍ 14 സെപ്റ്റംബര്‍ ഏഴിന് അവതരിപ്പിക്കാന്‍ ആപ്പിള്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടൊപ്പം പുതിയ മാക്ക് മോഡലുകള്‍, ഐപാഡുകള്‍, മൂന്ന് വാച്ച് മോഡലുകള്‍ എന്നിവയും അവതരിപ്പിച്ചേക്കും.
ഐഫോണുകള്‍ക്കൊപ്പം തന്നെയാണ് സാധാരണയായി ആപ്പിള്‍ വാച്ച് ഉള്‍പ്പടെയുള്ള കമ്പനിയുടെ മറ്റ് ഉപകരണങ്ങളും അവതരിപ്പിക്കാറ്. ഫോണ്‍ അവതരിപ്പിച്ച് ഒരാഴ്ചയെങ്കിലും എടുത്തേ ഫോണുകള്‍ വില്‍പനയ്‌ക്കെത്തിക്കാറുള്ളൂ. ഈ രീതി തന്നെ ഇത്തവണയും തുടര്‍ന്നേക്കും. ചില മുന്‍നിര റീട്ടെയില്‍ സ്ഥാപനങ്ങളില്‍ സെപ്റ്റംബര്‍ 16 ന് പുതിയ പ്രധാനപ്പെട്ടൊരു ഉല്പ്പന്നത്തിന്റെ വില്‍പനയ്ക്ക് തയ്യാറെടുക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അവതരണ പരിപാടി ഓണ്‍ലൈന്‍ ആയി സ്ട്രീം ചെയ്യും. കോവിഡ് കാലത്ത് തുടങ്ങിയ ഈ പതിവ് ഇത്തവണയും തുടരും. കഴിഞ്ഞ കുറേ ദിവസങ്ങളായി അവതരണ പരിപാടിയുടെ ചിത്രീകരണം നടക്കുന്നുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.