ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘സീതാ രാമം’. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ‘സീതാ രാമം’ യുഎഇയിലും റിലീസ് ചെയ്യുന്നതിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്.
‘സീതാ രാമ’ത്തിന് നേരത്ത യുഎഇയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് വീണ്ടും ചിത്രത്തിന്റെ സെൻസര്‍ നടത്തിയിരുന്നു. ഇപ്പോള്‍ യുഎഇയില്‍ ചിത്രം റിലീസിന് തയ്യാറായിരിക്കുകയാണ്. ഓഗസ്റ്റ് 11നാണ് ചിത്രം യുഎയില്‍ റിലീസ് ചെയ്യുക.
ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ‘സീതാ രാമം’ റിലീസ് ചെയ്‍തത്. കേരളത്തില്‍ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കില്‍ മൂന്നാം ദിവസം എത്തിയപ്പോള്‍ അത് അഞ്ഞൂറിലധികം ആയി. തമിഴ്‌നാട്ടില്‍ 200 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 250 തീയറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്. ലോകമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘സീതാ രാമ’ത്തിലൂടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കി കഴിഞ്ഞു. യു.എസ് പ്രീമിയറുകളില്‍ നിന്നടക്കം 21,00,82 ഡോളര്‍ (1.67 കോടിയിലേറെ) ആണ് ആദ്യദിനം ‘സീതാ രാമം’ കരസ്ഥമാക്കിയത്. യുഎയിലും ‘സീതാ രാമം’ റിലീസ് ചെയ്യുന്നതോടെ ദുല്‍ഖര്‍ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുെന്നാണ് കരുതുന്നത്.