വിക്കറ്റ് കീപ്പിംഗിനിടെ തലയ്‌ക്ക് പരിക്കേറ്റ താനിയ ഭാട്യയുടെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായി യാസ്‌തിക ഭാട്യ കളത്തിലിറങ്ങുമ്പോഴായിരുന്നു സംഭവം. ബൗണ്ടറിക്ക് അരികിലെ പരസ്യബോര്‍ഡ് ചാടിക്കടന്ന് ബാറ്റിംഗിന് മൈതാനത്തേക്ക് വരാന്‍ ശ്രമിക്കവെ യാസ്‌തികയ്‌ക്ക് ഊഴം പിഴയ്‌ക്കുകയായിരുന്നു. പരസ്യബോര്‍ഡില്‍ കാല്‍ കുടുങ്ങി യാസ്‌തിക നിലതെറ്റി മറിഞ്ഞുവീണു. ഇതുകണ്ട് തൊട്ടടുത്ത് ഡഗൗട്ടിലുണ്ടായിരുന്ന സഹതാരങ്ങള്‍ക്ക് ചിരിയടക്കാനായില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഓപ്പണര്‍ സ്‌മൃതി മന്ഥാനയും ജെമീമ റോഡ്രിഗസുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. സഹതാരങ്ങള്‍ക്കൊപ്പം ഈ നര്‍മ്മമുഹൂര്‍ത്തം യാസ്‌തിക ഭാട്യ ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം. മത്സരത്തില്‍ യാസ്‌തിക അഞ്ച് പന്തില്‍ 2 റണ്‍സെടുത്ത് മടങ്ങി.