ബിഎസ്എന്‍എല്‍ ജീവനക്കാരോട് കേന്ദ്ര മന്ത്രി:’നല്ല പ്രകടനം നടത്തുക,

0
68

ദില്ലി: ബിഎസ്എൻഎല്‍ ഉദ്യോഗസ്ഥരുമായുള്ള കൂടികാഴ്ചയില്‍ ടെലികോം മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ രൂക്ഷമായ പ്രതികരണത്തിന്‍റെ ഓഡിയോ പുറത്തായി. ബിഎസ്എന്‍എല്ലിലെ 62,000 തൊഴിലാളികൾക്ക് മുന്നറിയിപ്പ് നല്‍കുന്ന മന്ത്രിയുടെ ശബ്ദമാണ് ഇപ്പോള്‍ പുറത്തുന്നത്.  മികച്ച പ്രകടനം ജോലിയില്‍ കാണിച്ചില്ലെങ്കില്‍ സ്വയം പിരിഞ്ഞുപോകണം എന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്.

ബി‌എസ്‌എൻ‌എല്ലിന്റെ പുനരുജ്ജീവനത്തിനായി 1.64 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം വ്യാഴാഴ്ച കമ്പനിയുടെ മുതിർന്ന മാനേജ്‌മെന്‍റുമായി മന്ത്രി നടത്തിയ കൂടികാഴ്ചയിലാണ് ഈ പരാമര്‍ശം.

“ഞാൻ എല്ലാ മാസവും ജീവനക്കാരുടെ പ്രകടനം അളക്കും. ജോലി ചെയ്യാൻ ആഗ്രഹിക്കാത്തവർക്ക് സ്വയം വിരമിച്ച് വീട്ടിലേക്ക് പോകാം. അല്ലെങ്കിൽ റെയിൽവേയിൽ സംഭവിച്ചത് പോലെ നിങ്ങളെ വോളണ്ടറി റിട്ടയർമെന്റ് എടുപ്പിക്കും” എന്ന് ചോര്‍ന്ന ശബ്ദശകലത്തില്‍ ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ളതാണ് വോയിസ് ക്ലിപ്പ്.

ബി‌എസ്‌എൻ‌എല്ലിനെ സാമ്പത്തികമായി ലാഭകരമാക്കുന്നതിന്, ജൂലൈ 27 ന് കേന്ദ്രമന്ത്രിസഭ 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന് അംഗീകാരം നൽകിയിരുന്നു.

“ഞങ്ങൾ ചെയ്യേണ്ടത് ഞങ്ങൾ ചെയ്തു, ഇനി നിങ്ങളാണ് പ്രകടനം നടത്തേണ്ടത്. ഇനി മുതൽ ഇത് പുതിയ രീതിയില്‍ ആയിരിക്കും. പ്രകടനം കാണിക്കണം അല്ലെങ്കില്‍ അങ്ങ് നശിക്കണം. നിങ്ങളുടെ പ്രകടനത്തിന് മാത്രമേ ഈ മത്സര വ്യവസായത്തിൽ ബിഎസ്എന്‍എല്ലിനെ രക്ഷിക്കാൻ കഴിയൂ. ഞാന്‍ എല്ലാം നിരീക്ഷിക്കും. അടുത്ത 24 മാസത്തിനുള്ളിൽ ഫലങ്ങൾ കാണിക്കണം. നിങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ട് എടുക്കും” മന്ത്രി പറയുന്നു.

കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പുനരുജ്ജീവന നടപടികൾ ബിഎസ്എൻഎൽ സേവനങ്ങൾ നവീകരിക്കുന്നതിനും സ്പെക്‌ട്രം അനുവദിക്കുന്നതിനും, പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിന്‍റെ ലാഭം കുറയ്ക്കുന്നതിനും, ഫൈബർ ശൃംഖല വ്യാപിക്കുന്നതിനും ഊന്നല്‍ നല്‍കിയാണ് ആവിഷ്കരിക്കുന്നത്.

“പുനരുജ്ജീവന പാക്കേജ് നടപ്പിലാക്കുന്നതിലൂടെ ലോകത്തിലെ മറ്റൊരു സർക്കാരും ഏറ്റെടുക്കാത്ത റിസ്ക് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സര്‍ക്കാറും ഏറ്റെടുത്തിരിക്കുന്നത്. ഇത് ഒരു ചെറിയ കാര്യമല്ല” മന്ത്രി പറയുന്നു. ഇതിനൊപ്പം തന്നെ  ഭാരത് ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് ലിമിറ്റഡിനെ (ബിബിഎൻഎൽ) ബിഎസ്എൻഎല്ലിൽ ലയിപ്പിക്കാനുള്ള നിർദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here