ചെന്നൈ: ചെസ് ഒളിംപ്യാഡില്‍ കരുത്തരായ അമേരിക്കയ്‌ക്കെതിരേ ഇന്ത്യക്കു മിന്നുന്ന വിജയം. ഒന്നാം സീഡുകള്‍ കൂടിയായ അമേരിക്കയെ ഇന്ത്യയുടെ യുവനിര 3-1നാണ് സ്തബ്ധരാക്കിയത്. 16 വയസ്സുകാരനായ ഗുകേഷ്, 18 കാരനായ മലയാളി താരം നിഹാല്‍ സരിന്‍, 16 കാരനായ ചെസ് സെന്‍സേഷന്‍ പ്രഗ്നാനന്ദ, 16 കാരനായ റോണക് സധൗനി എന്നിവരടങ്ങിയ ടീമാണ് അമേരിക്കയ്‌ക്കെതിരേ അവിസ്മരണീയ വിജയം കരസ്ഥമാക്കിയത്.
45 നീക്കങ്ങള്‍ക്കൊടുവില്‍ ഫാബിയോ കരുവാനയെയാണ് ഗുകേഷ് വീഴ്ത്തിയത്. ലോക റാങ്കിങില്‍ അഞ്ചാംസ്ഥാനത്തുള്ള താരം കൂടിയാണ് കരുവാന. മറ്റൊരു മല്‍സരത്തില്‍ ഡൊമിഗ്വസ് പെരസിനെ റൗണക്കും അടിയറവ് പറയിച്ചു. ലോക 14ാം നമ്പര്‍ യുഎസ് താരത്തെ 45 നീക്കങ്ങള്‍ക്കൊടുവിലാണ് റൗണക്ക് തോല്‍പ്പിച്ചത്. മറ്റു രണ്ടു മല്‍സരങ്ങളില്‍ നിഹാല്‍ സരിനും പ്രഗ്നനാനന്ദയും എതിരാളികളെ സമനിലയില്‍ പിടിച്ചുകെട്ടി. സൂപ്പര്‍ താരവും ലോക ആറാ നമ്പറുമായ ലെവ്ന്‍ അരോനിയനെയാണ് നിഹാല്‍ സമനിലയില്‍ പൂട്ടിയത്. പ്രഗ്നനാന്ദയാവട്ടെ വെസ്സി സോവിനെയും സമനിലയില്‍ കുരുക്കുകയായിരുന്നു.
അതേസമയം, വനിതകളുടെ വിഭാഗത്തില്‍ വമ്പന്‍മാരായ അര്‍മേനിയയെ ഇന്ത്യ സമനിലയില്‍ പിടിച്ചുകെട്ടി. കൊനേരു ഹംപി, ഹരിദ ദ്രോണവല്ലി, താനിയ സച്ച്‌ദേവ്, വൈശാലി എന്നിവരായിരുന്നു ഇന്ത്യക്കു വേണ്ടി മല്‍സരിച്ചത്.