ഇസ്രായേല്‍ ആക്രമണം തുടങ്ങി; തിരിച്ചടിച്ച് പലസ്തീന്‍… നിരവധി മരണം,

0
74

ഗാസ സിറ്റി: പലസ്തീനില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ശക്തമായ ആക്രമണം. ഇസ്ലാമിക് ജിഹാദ് കമാന്റര്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ പലസ്തീന്‍കാര്‍ നിരവധി റോക്കറ്റുകള്‍ ഇസ്രായേല്‍ ലക്ഷ്യമാക്കി തൊടുത്തുവിട്ടു. പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ സാഹചര്യം ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇരുവിഭാഗവും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ അഭ്യര്‍ഥിച്ചു.

പലസ്തീന്‍ സംഘടനകള്‍ ആക്രമണം തുടങ്ങിയതോടെ ഇസ്രായേലില്‍ അപായമണി മുഴങ്ങി. തെക്ക്, മധ്യ ഇസ്രായേലിലാണ് സൈറണ്‍ മുഴങ്ങിയത്. അതിര്‍ത്തിയില്‍ ഇസ്രായേല്‍ സ്ഥാപിച്ച മിസൈല്‍ പ്രതിരോധ കവചം പലസ്തീന്‍കാരുടെ റോക്കറ്റുകള്‍ ലക്ഷ്യത്തിലെത്തുംമുമ്പ് നശിപ്പിച്ചു. ഇതിന്റെ ചിത്രങ്ങള്‍ ഇസ്രായേല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

പലസ്തീന്‍ സായുധ സംഘടനയായ ഇസ്ലാമിക് ജിഹാദ് ആണ് ഇസ്രായേലിനെതിരെ റോക്കറ്റാക്രമണം നടത്തുന്നത്. വെള്ളിയാഴ്ച മാത്രം ഇവര്‍ 100 റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് അയച്ചു. ഗാസയുടെ നിയന്ത്രണമുള്ള ഹമാസിന്റെതിന് സമാനമായ ആശയമുള്ളവരാണ് ഇസ്ലാമിക് ജിഹാദ്. ടെല്‍ അവീവിലേക്കും റോക്കറ്റുകള്‍ അയച്ചുവെന്ന് സംഘടനയുടെ കമാന്റര്‍മാര്‍ അറിയിച്ചു. എന്നാല്‍ ഇസ്രായേലില്‍ മരണം സംഭവിച്ചിട്ടില്ലെന്ന് ആംബുലന്‍സ് സര്‍വീസ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 11 ദിവസം നീണ്ട യുദ്ധം ഇസ്രായേല്‍-പലസ്തീന്‍ രാജ്യങ്ങള്‍ക്കിടയില്‍ നടന്നിരുന്നു. വന്‍ ആയുധ ശേഷിയുള്ള ഇസ്രായേലിനെതിരെ പലസ്തീന്‍കാര്‍ നടത്തിയ ആക്രമണം വലിയ ചര്‍ച്ചയായിരുന്നു. ഈജിപ്ത്, ഖത്തര്‍ ഉള്‍പ്പെടയുള്ള രാജ്യങ്ങളുടെ ഇടപെടലുകളാണ് അന്ന് യുദ്ധം അവസാനിപ്പിച്ചത്. 250 പലസ്തീന്‍കാരും 13 ഇസ്രായേല്‍കാരുമാണ് 2021 മെയില്‍ കൊല്ലപ്പെട്ടത്.

പത്ത് വര്‍ഷത്തിലധികമായി ഇസ്രായേല്‍ സൈന്യം ഉപരോധം ഏര്‍പ്പെടുത്തിയ പ്രദേശമാണ് പലസ്തീനിലെ ഗാസ. ലക്ഷക്കണക്കിന് ആളുകള്‍ തിങ്ങി താമസിക്കുന്ന തീര പ്രദേശമാണിത്. ഹമാസിന്റെ നിയന്ത്രണത്തിലാണ് ഗാസ. കൂടാതെ മറ്റു ചെറു സായുധ സംഘങ്ങളും ഇവിടെ നിരവധിയാണ്. വെള്ളിയാഴ്ച ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഗാസ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു അഞ്ച് വയസുകാരനും ഇതില്‍പ്പെടും. 55 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പലസ്തീനിലെ ചില നേതാക്കളെ ഇസ്രായേല്‍ സൈന്യം ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും അസ്വാരസ്യം നിലനില്‍ക്കുന്നതിനിടെയാണ് സൈന്യം ആക്രമണം തുടങ്ങിയത്. പലസ്തീന്‍ സംഘടനകള്‍ തിരിച്ചടിയും ആരംഭിച്ചു. ഇസ്ലാമിക് ജിഹാദ് കമാന്റര്‍ തയ്‌സീര്‍ ജാബിരിയും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടമാണ് നടത്തുന്നതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി യര്‍ ലാപിഡ് പ്രതികരിച്ചു. പലസ്തീനിലെ സംഘടനകള്‍ക്ക് ഇറാന്റെ സഹായമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇസ്ലാമിക് ജിഹാദിനും ഹമാസിനുമിടയിലെ പാലമായി പ്രവര്‍ത്തിച്ചിരുന്ന കമാന്ററായിരുന്നു അല്‍ ജാബിരി. അദ്ദേഹത്തിന്റെ മരണം വന്‍ യുദ്ധത്തിലേക്ക് നയിക്കുമോ എന്നാണ് ആശങ്ക.

LEAVE A REPLY

Please enter your comment!
Please enter your name here