കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കു വീണ്ടും സ്വര്‍ണം. പുരുഷന്‍മാരുടെ 67 കിഗ്രാം ഭാരോദ്വഹനത്തില്‍ ലാല്‍റിന്നുംഗയാണ് രാജ്യത്തിനായി പൊന്നണിഞ്ഞത്. ഈ ഗെയിംസില്‍ ഇന്ത്യക്കു ലഭിച്ച രണ്ടാമത്തെ സ്വര്‍ണം കൂടിയാണിത്. രണ്ടാംദിനം ഒളിംപ്യനും വനിതാ താരവുമായ മീരാബായ് ചാനുവും സ്വര്‍ണം ചൂടിയിരുന്നു. ഇതോടെ മേളയില്‍ ഇന്ത്യയുടെ മെഡല്‍സമ്പാദ്യം അഞ്ചായി ഉയര്‍ന്നിരിക്കുകയാണ്. ലഭിച്ച എല്ലാ മെഡലുകളും ഭാരോദ്വഹനത്തില്‍ നിന്നാണെനന്നതാണ് ശ്രദ്ധേയമായ കാര്യം.
67 കിഗ്രം വിഭാഗത്തിലാണ് ജെറമി ഇന്ത്യക്കായി സ്വര്‍ണമുയര്‍ത്തിയത്. സ്‌നാച്ച്, ക്ലീന്റ് ആന്റ് ജര്‍ക്ക് വിഭാഗങ്ങളിലായി ആരെ 300 കിഗ്രാം ഉയര്‍ത്തിയാണ് താരം ഒന്നാമനായത്. എതിരാളികളേക്കാള്‍ ഏഴു കിഗ്രാമിന്റെ വ്യത്യാസത്തിലാണ് ലാല്‍റിന്നുംഗ സ്വര്‍ണത്തിന്റെ അവകാശിയായി മാറിയത്. സമോവയുടെ വൈപാവ ലോണി (293 കിഗ്രാം) വെള്ളിയും നൈജീരിയയുടെ എഡിഡിയോങ് ഉമോഫിയ (290 കിഗ്രാം) വെങ്കലവും കരസ്ഥമാക്കി.
സ്‌നാച്ച് വിഭാഗത്തില്‍ 140 കിഗ്രാം ലാല്‍റിന്നുംഗ ഉയര്‍ത്തിയിരുന്നു. പുതിയ ഗെയിംസ് റെക്കോര്‍ഡ് കൂടിയാണിത്. സ്‌നാച്ച് വിഭാഗം പൂര്‍ത്തിയായപ്പോള്‍ തൊട്ടുതാഴെയുള്ള എതിരാളിയേക്കാള്‍ മുന്നിലായിരുന്നു അദ്ദേഹം. തുടര്‍ന്നുള്ള ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗത്തില്‍ 160 കിഗ്രാം ഉയര്‍ത്തിയതോടെ അദ്ദേഹം സ്വര്‍ണം ഉറപ്പിക്കുകയായിരുന്നു. രണ്ടാം ശ്രമത്തിലായിരുന്നു ലാല്‍റിന്നുംഗ ഈ ഭാരം ഉയര്‍ത്തിയത്.
19കാരനായ ലാല്‍റിന്നുംഗ നേരത്തേയും അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പുകളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള താരമാണ്. 2018ലെ യൂത്ത് ഒഴിംപിക്‌സില്‍ അദ്ദേഹം സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം താഷ്‌കെന്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പിലും ലാല്‍റിന്നുംഗയ്്കായിരുന്നു സ്വര്‍ണം.