കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ഗംഭീര ജയത്തോടെ തുടക്കം.

0
71

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ഗംഭീര ജയത്തോടെ തുടക്കം. ഘാനയെ എതിരില്ലാത്ത 11 ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഹര്‍മന്‍പ്രീത് സിങ് ഹാട്രിക്കുമായി കളം നിറഞ്ഞ് കളിച്ചപ്പോള്‍ അഭിഷേക്, ആകാശ്ദീപ് സിങ്, ജുഗ് രാജ് സിങ്, വരുണ്‍ കുമാര്‍, നിലാകാന്ത് ശര്‍മ, മന്ദീപ് സിങ് എന്നിവരെല്ലാം ഇന്ത്യക്കായി ലക്ഷ്യം കണ്ടും.

ഘാനക്കെതിരേ അഭിഷേകിലൂടെയാണ് ഇന്ത്യ ലീഡെടുത്തത്. തുടക്കത്തിലേ ലഭിച്ച മുന്‍തൂക്കം നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ ഇന്ത്യന്‍ സംഘത്തിനായി. 10ാം മിനുട്ടില്‍ ഇന്ത്യ ലീഡ് രണ്ടാക്കി ഉയര്‍ത്തി. വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. നാല് മിനുട്ടിനുള്ളില്‍ ഇന്ത്യ സ്‌കോര്‍ബോര്‍ഡില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. ഷംഷീര്‍ സിങ്ങാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്.

ആദ്യ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ലീഡ് നേടിയെടുക്കാന്‍ ഇന്ത്യക്കായി. മികവ് തുടര്‍ന്ന ഇന്ത്യ 20ാം മിനുട്ടില്‍ നാലാം ഗോള്‍ സ്വന്തമാക്കി. ആകാശ് ദീപ് സിങ്ങാണ് ലക്ഷ്യം കണ്ടത്. താരത്തിന്റെ 79ാം അന്താരാഷ്ട്ര ഗോളാണിത്. 22ാം മിനുട്ടില്‍ ജുഗ് രാജ് സിങ് പെനാല്‍റ്റി വലയിലാക്കി ഇന്ത്യക്ക് അഞ്ചാം ഗോളും സമ്മാനിച്ചു. താരത്തിന്റെ അന്താരാഷ്ട്ര കരിയറിലെ ആറാം ഗോളാണിത്. ആദ്യ പകുതിയില്‍ 5-0ന്റെ ലീഡ് ഇന്ത്യക്കൊപ്പം.

രണ്ടാം പകുതിയിലും കരുത്ത് കാട്ടിയ ഇന്ത്യന്‍ ടീം 35ാം മിനുട്ടില്‍ ആറാം ഗോള്‍ നേടി. ഹര്‍മന്‍പ്രീത് സിങ്ങാണ് വലകുലുക്കിയത്. കടന്നാക്രമിച്ച ഇന്ത്യ തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ കൂടി നേടി. വരുണ്‍ കുമാറും നിലാകാന്ത ശര്‍മയും വല കുലുക്കിയതോടെ 8-0ന് ഇന്ത്യ മുന്നില്‍. 43ാം മിനുട്ടില്‍ ജുഗരാജ് സിങ്ങിലൂടെ ഇന്ത്യ ഒമ്പതാം ഗോളും സ്വന്തമാക്കി. 48ാം മിനുട്ടില്‍ മന്ദീപ് സിങ്ങിലൂടെ 10ാം ഗോളും സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 53ാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് സിങ് ഹാട്രിക് പൂര്‍ത്തിയാക്കി ഇന്ത്യയെ 11-0ന്റെ ഗംഭീര ജയം നേടിക്കൊടുക്കുകയായിരുന്നു.

ലോണ്‍ ബോള്‍സില്‍ ഇന്ത്യയുടെ പുരുഷ സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ദിനേഷ് കുമാര്‍ – സുനില്‍ ബഹദൂര്‍ സഖ്യം ഇംഗ്ലണ്ട് സഖ്യത്തെ തകര്‍ത്താണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. 18-15 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. ട്രയാത്തലോണിലെ മിക്‌സഡ് ടീം റിലേ ഫൈനലില്‍ ഇന്ത്യ 10ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 1.31.43 സമയം കുറിച്ചാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here