കൊല്‍ക്കത്ത: ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എം എല്‍ എമാരില്‍ നിന്ന് വന്‍ നോട്ടുകെട്ടുകള്‍ പിടികൂടി പശ്ചിമ ബംഗാള്‍ പൊലീസ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ചയാണ് ജാര്‍ഖണ്ഡ് എം എല്‍ എമാരുടെ വാഹനം ഹൗറയില്‍ വെച്ച് തടഞ്ഞ് പൊലീസ് പണം പിടിച്ചെടുത്തത്.
എം എല്‍ എമാരായ ഇര്‍ഫാന്‍ അന്‍സാരി, രാജേഷ് കച്ചപ്പ്, നമാന്‍ ബിക്‌സല്‍ കൊങ്കരി എന്നിവര്‍ സഞ്ചരിച്ചിരുന്ന എസ് യു വി ദേശീയ പാത-16-ല്‍ പഞ്ച്‌ല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റാണിഹട്ടിയില്‍ വച്ച് തടയുകയായിരുന്നു.
‘രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഒരു കാര്‍ നിര്‍ത്തിച്ചു. ജാര്‍ഖണ്ഡില്‍ നിന്നുള്ള മൂന്ന് എം എല്‍ എമാര്‍ കാറിലുണ്ടായിരുന്നു, അതിനുള്ളില്‍ ധാരാളം പണം കണ്ടെത്തി. പണം കുറച്ച് കൂടുതല്‍ ഉള്ളതിനാല്‍ എണ്ണുന്നതിനായി ഒരു നോട്ടെണ്ണല്‍ യന്ത്രം ആവശ്യപ്പെടേണ്ടി വന്നു. പൂര്‍ണ്ണമായ കണക്കെടുപ്പിന് ശേഷം മാത്രമേ എത്ര പണം കണ്ടെടുത്തുവെന്ന് പറയാന്‍ കഴിയൂ, ഹൗറ റൂറല്‍ എസ് പി സ്വാതി ബംഗലിയ ഇന്ത്യ ടുഡേയോട് പറഞ്ഞു.