മൂന്ന് വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിലിറങ്ങുന്ന നിവിൻ പോളി ചിത്രം. സംവിധായകൻ എബ്രിഡ് ഷൈനും നിവിനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം. നീണ്ട ഇടവേളയ്ക്കുശേഷം നിവിൻ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന ചിത്രം. മലയാളസിനിമയിൽ അപൂർവമായ ടൈംട്രാവൽ-ഫാന്റസി സിനിമ. സാഹിത്യകാരൻ എം. മുകുന്ദന്റെ കഥ. ഇങ്ങനെയൊക്കെയായിരുന്നു മഹാവീര്യർ എന്ന ചിത്രം പ്രഖ്യാപിച്ചതുമുതൽ കേൾക്കുന്ന കാര്യങ്ങൾ. പക്ഷേ ഇതിനെല്ലാം അപ്പുറത്തുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രമാണ് മഹാവീര്യർ എന്ന് അടിസ്ഥാനപരമായി പറയാം.
ഒരു കേസിൽപ്പെട്ട് കോടതിയിലെത്തുന്ന അപൂർണാനന്ദ എന്ന യുവസന്യാസിക്ക് മുന്നിൽ നടക്കുന്ന കാഴ്ചകളാണ് സിനിമ. കാലങ്ങൾതാണ്ടി ആധുനിക കാലത്തെത്തുന്ന അപൂർണാനന്ദൻ ഇപ്പോഴത്തെ കോടതിവ്യവഹാരങ്ങളിലൂടെ സഞ്ചരിക്കുന്നതിലെ കൗതുകമാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഘടകം. ആരാണ് അപൂർണാനന്ദൻ എന്ന ചോദ്യത്തിനൊപ്പം തന്നെ ചിത്രപുരി എന്ന സാങ്കല്പിക ഗ്രാമത്തിലെ രാജാവിന് സംഭവിച്ച ഒരു വിഷമത്തേക്കുറിച്ചും മഹാവീര്യർ പറയുന്നുണ്ട്.
രണ്ടുരീതിയിൽ ഈ ചിത്രത്തെ സമീപിക്കാം. ഫാന്റസി-ടൈം ട്രാവൽ എന്ന രീതിയിലാണ് ആദ്യത്തേത്. മുൻകോപികളും പ്രജാക്ഷേമ തത്പരരുമല്ലാത്ത രാജാക്കന്മാരേക്കുറിച്ച് നമ്മൾ കുട്ടിക്കഥകളിൽ കേട്ടിട്ടുണ്ടാവും. അത്തരത്തിലൊരു രാജാവാണ് രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവ്. അദ്ദേഹത്തിന്റെ മന്ത്രിയാണ് വീരഭദ്രൻ. ഒരു സുപ്രഭാതത്തിൽ മഹാരാജാവിന്റെ ആജ്ഞപ്രകാരം ചിത്രപുരി എന്ന ഗ്രാമത്തിലേക്ക് യാത്രതിരിക്കുന്ന വീരഭദ്രൻ ഒരുവശത്ത്. കാലങ്ങൾ കടന്ന് ഉത്തരാധുനിക കാലത്തെത്തുന്ന അപൂർണാനന്ദൻ മറ്റൊരുവശത്ത്. ഒരു പ്രത്യേകഘട്ടത്തിൽ ഇരുവരുടേയും സഞ്ചാരം ഒരു കോടതിമുറിയിൽ കൂട്ടിമുട്ടുകയാണ്. അവിടെ അവർ നേരിടുന്നതെന്തെല്ലാമാണെന്നതാണ് ഫാന്റസിയുടേതായ തലം.
ഒന്നുകൂടി ആഴത്തിൽ നോക്കിയാൽ ഫാന്റസിയുടെ പുതപ്പിൽ മൂടിക്കിടക്കുന്ന സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങളെ കാണാം. ഇവിടെ വീരഭദ്രനേയും അപൂർണാനന്ദനേയും മറ്റ് കഥാപാത്രങ്ങളേയുമെല്ലാം കൂട്ടിച്ചേർക്കുന്ന കണ്ണി ഉഗ്രസേന മഹാരാജാവാണ്. അധികാരത്തിന്റേതായ എല്ലാ തിളപ്പുമുള്ളയാളാണ് ഉഗ്രസേനൻ. പേരുമാറ്റി നിർത്തിയാൽ ഒരു രാജ്യത്തിന്റെ ഏറ്റവും ഉന്നതനായ ഭരണാധികാരി. അയാളുടെ പ്രശ്നം തീർക്കാനുള്ള ആത്യന്തികമായ വഴി ജനങ്ങളെ ബുദ്ധിമുട്ടിക്കലാണ്. പക്ഷേ ആ ബുദ്ധിമുട്ട് അവർ അറിയാതിരിക്കാൻ മോഹനവാഗ്ദാനങ്ങൾ നൽകി സുഖിപ്പിക്കും. അവർ ഭരണാധികാരിയെ വിശ്വസിക്കും. പക്ഷേ അതിന്റെ അന്തിമഫലം ജനങ്ങളുടെ കണ്ണുനീരായിരിക്കും. ആ കണ്ണുനീരാണ് ഭരണാധികാരികളെ മദോന്മത്തരാക്കുന്ന, ആനന്ദചിത്തരാക്കുന്ന വീര്യമേറിയ പാനീയം. ഇതാണ് കോടതിമുറിയിൽ നടക്കുന്ന ഒരു ഡ്രാമ എന്നതിലപ്പുറത്തേക്ക് മഹാവീര്യർ പറഞ്ഞുവെയ്ക്കുന്ന രാഷ്ട്രീയത്തിന്റേതായ രണ്ടാമത്തെ തലം.
ഉഗ്രസേന മഹാരാജാവിന്റെ കേസ് നടക്കുന്നത് വളരെ നീണ്ട കാലയളവിലാണ്. ഒരു ഘട്ടത്തിൽ കോടതി പോലും ആ ഭരണാധികാരിയുടെ ഇംഗിതത്തിന് വഴങ്ങിക്കൊടുക്കേണ്ടിവരുന്നുണ്ട്. നിയമം പോലും രാജാവിന് അനുകൂലമാവുന്ന അവസ്ഥ. അതായത് ഭരിക്കുന്നവരുടെ ഇഷ്ടത്തിന് അനുസരിച്ചായിരിക്കും കോടതിപോലും പെരുമാറുക എന്നൊരു വിമർശനം കൂടി ഉന്നയിക്കുന്നുണ്ട് ചിത്രം. വ്യക്തിസ്വാതന്ത്ര്യം എന്നത് ഭരിക്കുന്നവർ തീരുമാനിക്കുന്ന അവസ്ഥയേക്കുറിച്ചും മഹാവീര്യർ പറഞ്ഞുവെയ്ക്കുന്നു.
അപൂർണാനന്ദനായി നിവിൻ പോളിയും വീരഭദ്രനായി ആസിഫ് അലിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഉഗ്രസേനനായി ലാലും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി സിദ്ദിഖും, പബ്ലിക് പ്രോസിക്യൂട്ടറായി ലാലു അലക്സും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മൂവരുടേയും പ്രകടനം ഇടയ്ക്ക് നല്ല ചിരിയും സമ്മാനിക്കുന്നുണ്ട്. നായിക ഷാൻവി ശ്രീവാസ്തവ നായകന്റെ നിഴലിൽ ഒതുങ്ങിനിൽക്കാത്ത കഥാപാത്രമായിരുന്നു. മല്ലിക സുകുമാരൻ, സുധീർ പറവൂർ, കൃഷ്ണപ്രസാദ്, സൂരജ് എസ് കുറുപ്പ്, കലാഭവൻ ഷാജോൺ, വിജയ് മേനോൻ, മേജർ രവി തുടങ്ങിയവരും കഥാപാത്രങ്ങളോട് നീതിപുലർത്തി. ചെറിയ വേഷങ്ങളിലുള്ളവർക്ക് പോലും സ്കോർ ചെയ്യാൻ അവസരം കൊടുക്കുന്ന എബ്രിഡ് ഷൈൻ ബ്രില്ല്യൻസ് ഇത്തവണയും ആവർത്തിക്കുന്നുണ്ട്.
ചന്ദ്രു സെൽവരാജിന്റെ ഛായാഗ്രഹണത്തേക്കുറിച്ചും ഇഷാൻ ചാബ്രയുടെ സംഗീതത്തേക്കുറിച്ചും പറയാതിരുന്നാൽ മഹാവീര്യറിനേക്കുറിച്ചുള്ള അഭിപ്രായപ്രകടനം പൂർണമാവില്ല. രണ്ടുപേർക്കും നല്ല കയ്യടിതന്നെ നൽകാം. രാഷ്ട്രീയചിത്രമെന്ന നിലയിലും ഫാന്റസി ചിത്രമെന്ന നിലയിലും വീര്യത്തിൽ മുൻപന്തിയിൽത്തന്നെയാണ് മഹാവീര്യർ. തിയേറ്ററിൽത്തന്നെ കണ്ട് ആസ്വദിക്കണം, അറിയണം ഈ ചിത്രത്തെ.