ന്യൂഡൽഹി: എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി ജഗ്ദീപ് ധൻകറിനെ പ്രഖ്യാപിച്ചു. ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിൽ വെച്ചായിരുന്നു തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
2019 ജുലായ് 30 മുതൽ പശ്ചിമ ബംഗാൾ ഗവർണറാണ് ജഗ്ദീപ് ധൻകർ. മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ക്യാപ്റ്റൻ അമരീന്ദർ സിങ്, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ, മുൻ കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എന്നിവരുടെ പേരുകളാണ് ആദ്യഘട്ടം മുതൽ സ്ഥാനാർഥിപദത്തിലേക്ക് ഉയർന്നുവന്നിരുന്നത്.
അതേസമയം പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ നിശ്ചയിക്കാൻ ഞായറാഴ്ച കോൺഗ്രസ് പ്രതിപക്ഷകക്ഷികളുടെ യോഗം വിളിക്കും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച സർക്കാരും സ്പീക്കറും ഉപരാഷ്ട്രപതിയും വിളിച്ചിട്ടുള്ള കക്ഷിനേതാക്കളുടെ യോഗങ്ങൾക്കുശേഷമായിരിക്കും ഇതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. രാഷ്ട്രപതി സ്ഥാനാർഥി പ്രഖ്യാപനത്തിനുപിന്നാലെ പ്രതിപക്ഷപാർട്ടികളിൽ ഭിന്നിപ്പുണ്ടായിരിക്കുന്ന വേളയിൽ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ കരുതലോടെ തിരഞ്ഞെടുക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി പ്രതിപക്ഷനേതാക്കളെ കാണാൻ രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തി.
അടുത്തമാസം ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. വെങ്കയ്യാ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10-നാണ് അവസാനിക്കുന്നത്.