തിരുവനന്തപുരം • ഇത്തവണത്തെ ഓണം ബംപർ ലോട്ടറി അടിച്ചിരുന്നെങ്കിൽ കെഎസ്ആർടിസിയിൽ ശമ്പളം നൽകാമായിരുന്നെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. 25 കോടി രൂപയുടെ ഓണം ബംപർ ലോട്ടറി പുറത്തിറക്കുന്ന വേദിയിലായിരുന്നു മന്ത്രിയുടെ തമാശകലർന്ന പ്രസംഗം. ചടങ്ങിൽ അധ്യക്ഷനായിരുന്നു ഗതാഗതമന്ത്രി. ചടങ്ങിലെ അതിഥികളെ പുസ്തകം നൽകിയാണ് സ്വീകരിച്ചത്.
പുസ്തകത്തിനു പകരം ലോട്ടറി ടിക്കറ്റ് നൽകിയാൽ മതിയായിരുന്നെന്ന് ആന്റണി രാജു അധ്യക്ഷ പ്രസംഗത്തിനിടെ പറഞ്ഞു. ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമടിച്ചാൽ എന്തു ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ചോദിച്ചപ്പോഴാണ് ശമ്പളം കൊടുക്കാമായിരുന്നു എന്നു മന്ത്രി പ്രതികരിച്ചത്.
‘ചടങ്ങിൽ സ്വാഗതം ചെയ്ത സമയത്ത് എല്ലാവർക്കും പുസ്തകമാണ് നൽകിയത്. ആ ഉപഹാരത്തിനു പകരം ലോട്ടറിയായിരുന്നെങ്കിൽ എന്ന് ആശിച്ചിരുന്നു. ലോട്ടറിയടിച്ചാൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാന്‍ പറ്റുമായിരുന്നു’– ആന്റണി രാജു പറഞ്ഞു.
കെഎസ്ആർടിസിയിലെ ശമ്പളവിതരണം എല്ലാ മാസവും അഞ്ചിനുള്ളിൽ പൂർത്തിയാക്കാമെന്ന കോർപറേഷൻ നിർദേശം പാലിക്കാത്തതിനെ തുടർന്ന് തൊഴിലാളി യൂണിയനുകൾ പ്രതിഷേധത്തിലാണ്. 82 കോടിയാണ് ഒരു മാസം ശമ്പളം നൽകാൻ വേണ്ടത്. ശമ്പള വിതരണത്തിനായി സർക്കാരിനെയും ബാങ്കുകളെയുമാണ് കെഎസ്ആർടിസി ആശ്രയിക്കുന്നത്. ധനവകുപ്പ് മാസം 30 കോടിയാണ് നൽകിവരുന്നത്. ശമ്പളവിതരണം അനിശ്ചിതമായി നീണ്ടുപോയതോടെ ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.