ദിലീപ് വിഷയത്തിൽ ശ്രീലേഖയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്നും ക്രൈം ബ്രാഞ്ച്

0
78

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുൻ ഡിജിപി ആർ. ശ്രീലേഖയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തേക്കും. ദിലീപ് വിഷയത്തിൽ ശ്രീലേഖയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരേ തെളിവില്ലെന്നായിരുന്നു മുൻ ഡി.ജി.പി. ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ. പോലീസ് കണ്ടെത്തലുകളെ തള്ളിയാണ് തന്റെ യൂ ട്യൂബ് ചാനലിലൂടെ വ്യക്തിപരമായ അഭിപ്രായമെന്ന രീതിയിൽ ആർ. ശ്രീലേഖ പ്രതികരണം നടത്തിയത്. നടിയെ ആക്രമിച്ച സംഭവസമയത്ത് ജയിൽ മേധാവിയായിരുന്നു ആർ. ശ്രീലേഖ.

നടിയെ ആക്രമിച്ച കേസിൽ പോലീസിന്റെ കുറ്റപത്രത്തെ തന്നെ വീഡിയോയിലൂടെ ചോദ്യംചെയ്യുകയാണ് അവർ. ദിലീപിനെതിരേ തെളിവു കിട്ടാത്തതുകൊണ്ടാണ് പോലീസ് രംഗത്ത് വന്നിട്ടുള്ളതെന്ന് മുൻ ഡി.ജി.പി. പറയുന്നു. പൾസർ സുനിയെ അറസ്റ്റ് ചെയ്ത വേളയിൽ രണ്ടാഴ്ചയോളം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നിട്ടും പൾസർ സുനി ക്വട്ടേഷനായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നില്ല. സാധാരണഗതിയിൽ ഇത്രയുംനീണ്ട അന്വേഷണഘട്ടത്തിൽ പ്രതികൾ ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തേണ്ടതാണ്. പൾസർ സുനിക്കെതിരേ സിനിമാമേഖലയിൽ നിന്ന് പലർക്കും സമാനരീതിയിലുള്ള മോശം അനുഭവമുണ്ടായിട്ടുള്ളതായി തനിക്ക് അറിയാം- അവർ പറയുന്നു.

കേസിൽ ആദ്യത്തെ കുറ്റപത്രം സമർപ്പിച്ചതിനു ശേഷമാണ് പൾസർ സുനിയുടെ കത്തടക്കമുള്ള കാര്യങ്ങൾ പുറത്തുവരുന്നത്. ഇതിനു പിന്നിലും ഗൂഢാലോചനയുള്ളതായാണ് പോലീസ് തലപ്പത്തുണ്ടായിരുന്ന ശ്രീലേഖ പറയുന്നത്. കേസിന്റെ തുടരന്വേഷണത്തെക്കുറിച്ച് പല തരത്തിലുള്ള സംശയങ്ങളുമുള്ളതായും അവർ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here