കോട്ടയം • സർക്കാർ സർവീസിൽ അധ്യാപികയാകുക എന്ന സ്വപ്നത്തിലേക്കുള്ള അവസരം 2 വർഷം കൂടി മാത്രം ശേഷിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നുണ്ടായ കഠിനപരിശ്രമം ആണ് പിഎസ്‌സി എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടികയിൽ ജില്ലയിൽ ഒന്നാം സ്ഥാനത്ത് (81.67 %) എത്തുന്നതിനു കാരണമായതെന്ന് സുബി പി. ചെറിയാൻ.
2005– 07 ൽ ബാച്ച് പള്ളം ബിടിടിഐ ടിടിസി കോഴ്സ് പാസായ ശേഷം കഴിഞ്ഞ 10 വർഷമായി വിവിധ സ്കൂളുകളിൽ ഗെസ്റ്റ് അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. ഇത്രയും വർഷം അധ്യാപികയായി തുടർന്നപ്പോൾ എങ്ങനെയും സർക്കാർ സർവീസിൽ പ്രവേശിക്കണമെന്ന ആഗ്രഹം ഉണ്ടായി. ഇതും കഠിനപ്രയത്നത്തിനു കാരണമായി. 38–ാം വയസ്സിൽ ആണ് സുബി സർക്കാർ സർവീസിലേക്കു നിയമനം നേടിയത്.
പരീക്ഷാ പരിശീലനത്തിനു പോകണമെന്ന് ആഗ്രഹിച്ചെങ്കിലും കോവിഡ് പ്രതിസന്ധിമൂലം ഇതിനു കഴിഞ്ഞില്ല. വീട്ടിലിരുന്ന് സ്വന്തം നിലയിലായിരുന്നു പരീക്ഷയ്ക്കു വേണ്ടി തയാറെടുത്തത്. പാഠപുസ്തകങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലും പഠിച്ചത്. സ്വന്തമായി നോട്ട് തയാറാക്കിയും പഠിച്ചു. മുട്ടമ്പലം കുന്നശ്ശേരിൽ ജിജോ ജോയന്റെ ഭാര്യയാണ് സുബി പി. ചെറിയാൻ. മക്കൾ അന്ന ജിജോ, ഏദൻ ജിജോ (ഇരുവരും വിദ്യാർഥികൾ).