തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എം എൽ എ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കേണ്ടതില്ലെന്ന് പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാതെ പി സി തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തത് ജാമ്യ ഉപാധികളുടെ ലംഘനം അല്ലെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ തീരുമാനം.
എന്നാൽ, മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ ശേഷം, ജാമ്യത്തിൽ ഇറങ്ങിയ പി സി ജോർജിനെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. ഫോര്‍ട്ട് പൊലീസിന്റേതാണ് ഈ തീരുമാനം.
കഴിഞ്ഞ ഞായറാഴ്ചയാണ് കോടതി നിർദ്ദേശപ്രകാരം, ചോദ്യം ചെയ്യലിന് ഹാജരാകാൻ ഫോർട്ട് പൊലീസ് പി സി ജോര്‍ജിന് നോട്ടീസ് നൽകിയത്. എന്നാൽ, തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു പി സി ആദ്യം വ്യക്തമാക്കിയത്
പിന്നാലെ, തൃക്കാക്കരയിലേക്ക് പോകുകയാണെന്ന് വ്യക്തമാക്കി. തന്റെ ജനപക്ഷം സംഘടനയുടെ പേരിൽ പ്രചരണത്തിന് ഇറങ്ങാൻ പോകുകയാണ്. ഭരണ ഘടനാപരമായി ജനാധിപത്യപരവുമായ തന്റെ അവകാശമാണ് ഇതെന്നും പി സി അറിയിച്ചിരുന്നു. കൊച്ചിയിൽ പോയി, ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താൻ കഴിയില്ലെന്നും പി സി ജോർജ് മറുപടി നൽകിയിരുന്നു.
മെയ് 29 – ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് പൊലീസ് നോട്ടീസ് നൽകിയത്. എന്നാൽ, ഇത് അവഗണിച്ചാണ് പി സി തൃക്കാക്കരയിൽ എത്തിയത്. തിരുവനന്തപുരത്തും വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കര്‍ശനമായ ഉപാധികൾ നൽകി മെയ് 27 – നാണ് ഹൈക്കോടതി പി സി ജോർജിന് ജാമ്യം അനുവദിച്ചത്.