തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ ജൂണ്‍ ഒന്നിന് തുറക്കും. 42.9 ലക്ഷം വിദ്യാര്‍ത്ഥികളും 1.8 ലക്ഷം അധ്യാപകരും കാല് ലക്ഷത്തോളം അനധ്യാപകരും സ്കൂളില്‍ എത്തും. ഒന്നാം ക്ലാസില്‍ നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എത്തുമെന്നാണ് കണക്ക്. സംസ്ഥാന ജില്ല, ഉപജില്ലാ സ്കൂള്‍ തലങ്ങളില്‍ പ്രവേശനോത്സവം നടക്കും. എല്ലാ വിദ്യാര്‍ത്ഥികളും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാസ്ക് ധരിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു.
സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പി എസ് സി വഴി നിയമനം ലഭിച്ച 353 അധ്യാപകരാണ് പുതിയതായി ജോലിക്ക് പ്രവേശിക്കുന്നത്. സ്കൂളിന് മുന്നില്‍ പൊലീസ് സഹായം ഉണ്ടാകും. ബുധനാഴ്ച സ്കൂള്‍ തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനല്‍കുന്ന വിധത്തില്‍ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്കി.