വിഎസ്എസ്‍സി നേതൃപദവിയിൽ മൂന്ന് പതിറ്റാണ്ടിലധികം (33 വർഷം) സേവനം അനുഷ്ടിച്ച ഡോ. എസ് ഗീത ഔദ്യോഗിക ജീവിതത്തിന് വിരാമമിടുന്നു.
യുടെ നേതൃപദവികളിൽ സ്ത്രീ സാന്നിധ്യം കുറവാണെന്നത് പച്ചയായ യാഥാർത്ഥ്യമാണ്. നേതൃനിരയിലാണെങ്കിൽ സ്ത്രീ പുരുഷ അനുപാതം വളരെ കുറവും. വെല്ലുവിളികളെ അതിജീവിച്ച് കഠിനാധ്വാനം ചെയ്ത് മുൻനിരയിലേക്കെത്തിയവരാണ് ഈ ചുരുക്കം സ്ത്രീകൾ. അവരിലൊരാൾ 33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുകയാണ്.
ഹൈസ്കൂൾ ടീച്ചറായ ശകുന്തളയുടെയും, പി ആൻഡ് ടി ഉദ്യോഗസ്ഥനായ ഗോപാലപിള്ളയുടെയും മകളായ ഗീത ഏറെ താൽപര്യത്തോടെയും വാശിയോടെയുമാണ് എഞ്ചിനിയറിംഗിലേക്ക് തിരിഞ്ഞത്. അന്ന് പെൺകുട്ടികൾ എഞ്ചിനിയറിംഗ് പഠനത്തിനെത്തുന്നത് താരതമ്യേനെ കുറവായിരുന്നു. നന്നായി പഠിച്ചു, കണ്ട്രോൾ സിസ്റ്റം എഞ്ചിനിയറിംഗിൽ ഒന്നാം റാങ്കോടെ എം ടെക് വിജയിച്ചു. അതിന് ശേഷമാണ് വിഎസ്‍എസ്‍സിയിലെ ജോലി. പഠിച്ച മേഖലയിൽ കിട്ടാവുന്ന എറ്റവും നല്ല ജോലി അന്ന് ഐഎസ്ആർഒയിലേതായിരുന്നുവെന്ന് ഡോ ഗീത തന്നെ പറയുന്നു. എറ്റവും മികച്ചയിടത്ത് ജോലി ചെയ്യുകയെന്ന തീരുമാനം അത് കൊണ്ട് തന്നെ വിഎസ്എസ്‍സിയിലെത്തിച്ചു.
1989ലാണ് ഗീത വിഎസ്എസ്‍സിയിൽ ജോലിക്ക് കയറുന്നത്. 1993ലെ പിഎസ്എൽവിയുടെ ആദ്യ ഡെവലപ്പ്മെന്റ് ഫ്ലൈറ്റിന്റെ ഭാഗമായിരുന്നു. ആ വിക്ഷേപണ വാഹനത്തിന്റെ ഓട്ടോ പൈലറ്റ് ഡിസൈൻ തയ്യാറാക്കിയത് ഗീതയും സംഘവുമായിരുന്നു. എന്നാൽ ദൗത്യം പരാജയപ്പെട്ടു. ആദ്യ ദൗത്യത്തിന്റെ പരാജയത്തിൽ നിന്ന് ശക്തമായി തിരിച്ചുവന്നു ഗീതയും ഐഎസ്ആർഒയും.
പിഎസ്എൽവി പിന്നീട് ഇന്ത്യയുടെ എറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമായി മാറി. ഡോ. ഗീത ഇസ്രൊയുടെ പടവുകൾ കയറി മുകളിലോട്ടും. വിക്ഷേപണ വാഹനങ്ങളുടെ ഡിസൈൻ, സിമുലേഷൻ വിഭാഗങ്ങളിൽ ജോലി ചെയ്തു . ജിഎസ്എൽവി അസോസിയേറ്റ് പ്രൊജക്ട് ഡയറക്ടർ, സ്പേസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റം അസോസിയേറ്റ് പ്രോഗ്രാം ഡയറക്ടർ എന്നിങ്ങനെ പടി പടിയായി ഉയർന്നു. രാജ്യം കാത്തിരിക്കുന്ന പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങളുടെ വികസനത്തിലും പങ്കാളിയായി.
പ്രവർത്തനമികവിന് അംഗീകാരമായി 2008ൽ സുമൻ ശർമ്മ അവാർഡും, 2017ൽ മികച്ച വനിതാ ശാസ്ത്രജ്‍ഞയ്ക്കുള്ള അവാർഡും നേടി. 2018ൽ ഇസ്രൊ മെറിറ്റ് അവാർഡിനും അർഹയായി. എറ്റവും ഒടുവിൽ സ്പേസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റത്തിന്റെ അമരത്ത് നിന്ന് വിരമിക്കൽ.