1946ൽ ബിഹാറിലെ ഭോജ്പുർ ജില്ലയിലെ ബസന്ത്പുർ ഗ്രാമത്തിൽ ഒരു ദരിദ്രകുടുംബത്തിലായിരുന്നു വസിഷ്ഠ് നാരായൺ സിംഗിന്റെ ജനനം. ബിഹാർ സർക്കാർ നേരിട്ടു നടത്തിയിരുന്ന നേത്രഘാട്ട് പബ്ലിക് സ്കൂളിലേക്ക് മത്സരപ്പരീക്ഷയിലൂടെ പ്രവേശനം നേടി.പത്താം ക്ലാസ്സിലും പ്രീഡിഗ്രിക്കും സംസ്ഥാനത്ത് ഒന്നാമതായിരുന്നു വസിഷ്ഠ്.ബിഎസ്‌സിക്ക്, ഒരുകാലത്ത് ഏറെ പ്രശസ്തമായിരുന്ന സി.വി.രാമൻ പഠിപ്പിച്ച പട്ന സയൻസ് കോളജിൽ ചേർന്നു . അവിടത്തെ പ്രഫസറായിരുന്ന ഡോ. നാഗേന്ദ്രനാഥ് എന്ന ഗണിതശാസ്ത്രജ്ഞൻ, സിങ്ങിന്റെ അസാധാരണ കഴിവു കണ്ടറിഞ്ഞ് ഒന്നാം വർഷം തന്നെ ഫൈനൽ പരീക്ഷ എഴുതാൻ അനുവദിച്ചു. അങ്ങനെ 16ാം വയസ്സിൽ അദ്ദേഹം ഡിഗ്രി സമ്പാദിച്ചു.
ആയിടെയാണ് ഗണിതശാസ്ത്രത്തിലെ ടോപ്പോളജി ശാഖയിൽ ലോക പ്രസിദ്ധനായ പ്രഫ. ജോൺ എൽ.കെല്ലി, ഐഐടി കാൻപുരിൽ കൺസൽറ്റന്റായി വരുന്നത്. അദ്ദേഹം പട്ന സയൻസ് കോളജ് സന്ദർശിക്കാൻ എത്തിയപ്പോഴാണ് വസിഷ്ഠ് നാരായൺ സിങ്ങിനെ കാണുന്നത്.വസിഷ്ഠിന്റെ അസാമാന്യമായ കഴിവുകൾ കണ്ടമ്പരന്ന്, സകല ചെലവുകളും വഹിച്ച്, സ്‌കോളർഷിപ്പും നൽകി അദ്ദേഹത്തെ കൂടെ കൊണ്ടുപോകുന്നു.യൂണിവേഴ്സിറ്റി കോളേജ് ബെർക്ക്ലിയിൽ നിന്ന് Summa Cum Laude എന്ന ഏറ്റവും ഉയർന്ന ബഹുമതിയോടെ ഗവേഷണബിരുദം പാസാകുന്നു വസിഷ്ഠ്.”Reproducing Kernels and Operators with Cyclic Vector” എന്ന വിഷയത്തിലായിരുന്നു ഗവേഷണം.
1969ൽ, 23ാം വയസ്സിൽ പിഎച്ച്ഡി നേടിയ സിങ് പിഎച്ച്ഡി നേടിയ ശേഷം സിംഗ് സിയാറ്റിലിലെ വാഷിംഗ്ടൺ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി ചേർന്നു.അക്കാദമികമായ നേട്ടങ്ങളുടെ ഉന്നതിയില്‍ നിൽക്കുമ്പോൾ അമേരിക്കയിൽ വെച്ചുതന്നെയാണ് സ്കിസോഫ്രീനിയ എന്ന മാനസികരോഗത്തിന്റെ ആദ്യലക്ഷണങ്ങൾ വസിഷ്ഠ് പ്രകടിപ്പിക്കുന്നതും. പലതും മറക്കാൻ തുടങ്ങി അദ്ദേഹം. പെട്ടെന്ന് ദേഷ്യം വരാനും, പലപ്പോഴും അക്രമാസക്തനാകാനും ഒക്കെ തുടങ്ങി.അമേരിക്കയിൽ ചെലവിട്ട കാലത്താണ് ആപേക്ഷികതാ സിദ്ധാന്തത്തിലെ വസിഷ്ഠിന്റെ ശ്രദ്ധേയമായ ഇടപെടലുകൾ നടക്കുന്നതും, ഐൻസ്റ്റീന്റെ ചില കണ്ടെത്തലുകളെ വരെ അദ്ദേഹം വെല്ലുവിളിക്കുന്നതും.
ഇങ്ങനെയൊരു മാനസിക രോഗത്തെപ്പറ്റി ഒന്നും പറയാതെയാണ് അദ്ദേഹത്തിന്റെ കുടുംബം അടുത്ത ഗ്രാമത്തിലെ ഒരു ഡോക്ടറായ വന്ദന റാണി സിങ്ങിന് വിവാഹം കഴിക്കുന്നത്. വിവാഹശേഷം അമേരിക്കയിലെത്തിയപ്പോൾ മാത്രമായിരുന്നു ഭാര്യക്ക് അദ്ദേഹത്തിന്റെ മനസികാസ്വാസ്ഥ്യത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞത്. 1974 -ൽ ദമ്പതികള്‍ അമേരിക്കയിൽ നിന്ന് തിരിച്ചുവന്നു. അദ്ദേഹത്തിന് IIT കാൺപൂരിൽ അധ്യാപകനായി ജോലി കിട്ടുന്നു. അവിടെനിന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, പിന്നെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അങ്ങനെ പലയിടത്തായി പഠിപ്പിച്ചു. അദ്ദേഹത്തിന്റെ അസുഖം ഭാര്യയെ വൈകാരികമായി അദ്ദേഹത്തിൽ നിന്ന് അകറ്റിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. 1976 -ൽ വിവാഹമോചനം നടക്കുന്നു. അദ്ദേഹത്തെ പരിചരിക്കാൻ അതോടെ ആരും ഇല്ലാതാകുന്നു. ബന്ധുക്കൾ അദ്ദേഹത്തെ ഒരു സർക്കാർ മാനസികരോഗാശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നു.
1985 -ൽ ദീർഘനാളത്തെ ചികിത്സക്കു ശേഷം അദ്ദേഹം വീട്ടിലേക്ക് തിരിച്ചു വരുന്നു.1989 ൽ പൂനെയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ അദ്ദേഹം അപ്രത്യക്ഷനായി. വിശേഷിച്ച് ഒരു ലക്ഷ്യവുമില്ലാതെ ഗ്രാമങ്ങൾ തോറും അലഞ്ഞു അദ്ദേഹം.കിട്ടുന്നിടത്തുനിന്നൊക്കെ ഇരന്നുവാങ്ങി കഴിച്ചു.കടവരാന്തകളിൽ കിടന്നുറങ്ങി. ഏറെനാൾ അന്വേഷിച്ചിട്ടും വീട്ടുകാർക്ക് അദ്ദേഹത്തെ കണ്ടുകിട്ടിയില്ല. നാലുവർഷത്തിനു ശേഷം1993 ൽ സരൺ ജില്ലയിലെ ഛപ്രയ്ക്കടുത്തുള്ള ഡോറിഗഞ്ചിൽ വസിഷ്ഠിനെ ബന്ധുക്കൾ കണ്ടെത്തുന്നു.തുടർന്ന് അദ്ദേഹത്തെ ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) പ്രവേശിപ്പിച്ചു.ഇത്തവണ ശത്രുഘ്‌നൻ സിൻഹ എംപിയുടെ സഹായത്തോടെ2002 ൽ ദില്ലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസസിൽ (ഐഎച്ച്‌ബിഎഎസ്) ചികിത്സിക്കുന്നു.2009 -ൽ അവിടെനിന്നും സുഖം പ്രാപിച്ച് വീണ്ടും വസിഷ്ഠ് പുറത്തിറങ്ങുന്നു. 2014 ൽ മാധേപുരയിലെ ഭൂപേന്ദ്ര നാരായൺ മണ്ഡൽ സർവകലാശാലയിൽ (ബിഎൻഎംയു) വിസിറ്റിംഗ് പ്രൊഫസറായി സിങ്ങിനെ നിയമിച്ചു
അസുഖം മൂർച്ഛിച്ച് 2019 നവംബർ 14 ന് പട്‌നയിലെ മെഡിക്കൽ കോളേജില്‍ സിംഗ് അന്തരിച്ചു. അങ്ങനെ ഏറെ അലംകൃതമായ ഒരു ഭൂതകാലമുള്ള ആ ഗണിത ശാസ്ത്രജ്ഞന് 2020 ൽ മരണാനന്തരം ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മശ്രീ സിങ്ങിന് നല്‍കിആദരിച്ചു.