ചെന്നൈ: 16 കാരനായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.പ്രജ്ഞാനന്ദ ചെസ്സബിൾ മാസ്റ്റേഴ്സ് ഓൺലൈൻ ടൂർണമെന്റിന്റെ ഫൈനലിൽ. സെമി ഫൈനലിൽ നെതർലൻഡ്സിന്റെ അനിഷ് ഗിരിയെ പരാജയപ്പെടുത്തിയാണ് പ്രജ്ഞാനന്ദ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെ വന്ന അനിഷിനെ പ്രജ്ഞാനന്ദ മുട്ടുകുത്തിച്ചു. പ്ലസ് വൺ വിദ്യാർഥിയായ പ്രജ്ഞാനന്ദ സ്കൂൾ പരീക്ഷയ്ക്കിടയിലൂടെയാണ് മത്സരത്തിൽ പങ്കെടുത്തത്.
ഫൈനലിൽ ലോക രണ്ടാം നമ്പർ താരമായ ചൈനയുടെ ഡിങ് ലിറെനാണ് പ്രജ്ഞാനന്ദയുടെ എതിരാളി. സെമിയിൽ മാഗ്നസ് കാൾസണെ അട്ടിമറിച്ചാണ് ഡിങ് ലിറെൻ ഫൈനലിലെത്തിയത്.
നേരത്തേ ക്വാർട്ടറിൽ ചൈനീസ് താരം വെയ് യിയെ പരാജയപ്പെടുത്തിയ പ്രജ്ഞാനന്ദ ലോകചാമ്പ്യനും ഒന്നാം നമ്പർ താരവുമായ മാഗ്നസ് കാൾസണെയും മുട്ടുകുത്തിച്ചിരുന്നു. കാൾസണെ ഈ വർഷം രണ്ട് തവണയാണ് പ്രജ്ഞാനന്ദ കീഴടക്കിയത്. നേരത്തേ ഫെബ്രുവരിയിൽ നടന്ന എയർതിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിലും പ്രജ്ഞാനന്ദ കാൾസണെ തോൽപ്പിച്ചിരുന്നു.