കുരങ്ങുപനിയെ എങ്ങനെ നേരിടാം, വരാതെ തടയാം

0
85

മങ്കി പോക്സ് പടരുന്ന സാഹചര്യത്തിൽ കനത്ത ആശങ്കയിലാണ് ലോകം മുഴുവനും. യുഎഇയും യുഎസും ഉൾപ്പടെയുള്ള ഇരുപതോളം രാജ്യങ്ങളിൽ 200ലധികം മങ്കി പോക്സ് കേസുകൾ സ്ഥിരീകരിച്ച് കഴിഞ്ഞു. മങ്കി പോക്സിനെ കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയിൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ ഡോക്ടർ അനൂപ് കുമാർ എ.എസ് സംസാരിക്കുന്നു

കുരങ്ങുകളിൽ നിന്നും പകരുന്ന രോഗമാണോ കുരങ്ങുപനി അല്ലെങ്കിൽ മങ്കി പോക്സ്?

കുരങ്ങ് പനി എന്ന് നമ്മൾ പറയുന്നത് തന്നെ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു പ്രയോഗമാണ്. ഇത് കുരങ്ങുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രീതിയിലുള്ള ഒരു ജന്തുജന്യ രോഗമല്ല. ഇത് പ്രധാനമായും ആഫ്രിക്കൻ കാടുകളിൽ കാണുന്ന എലി അണ്ണാൻ വർഗത്തിൽപ്പെട്ട (ആഫ്രിക്കൻ ഡോർമോസ്, റോപ് സ്ക്യുരൽ, ഗാംമ്പിയൻ പോച്ച്ഡ് റാറ്റ്, മങ്കാബേ) ജീവികളിൽ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. 1958ൽ രോഗലക്ഷണങ്ങളുള്ള ഒരു കുരങ്ങനിൽ നടത്തിയ പരിശോധനയിലാണ് ഈ വൈറസിനെ കണ്ടെത്തിയത് എന്നതുകൊണ്ടാണ് ഈ രോഗത്തെ മങ്കിപോക്സ് എന്ന് വിളിക്കുന്നത്. മനുഷ്യരിലേക്ക് ഈ രോഗം വരാനുള്ള ഒരുകാരണം ആഫ്രിക്കൻ കാടുകളിൽ കാണുന്ന നേരത്തേ പറഞ്ഞ ജീവികളെ വളർത്തുമൃഗങ്ങളായി ഉപയോഗിക്കുന്നത് കൊണ്ടാണ് (എക്സോട്ടിക് പെറ്റ്) . ഇന്ത്യയിലായാലും കേരളത്തിലായാലും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കുരങ്ങുകൾ രോഗവാഹകരാകാനുള്ള സാധ്യത തീരെ കുറവാണ്. നമ്മുടെ നാട്ടിൽ കാണുന്ന എലി, അതുപോലെ കൃഷിയിടങ്ങളിൽ കാണുന്ന പെരുച്ചാഴി എന്നിവയൊക്കെ ഇതിന്റെ റിസർവോയർ ആയേക്കാം.

എന്താവാം പെട്ടെന്ന് ഒരു രോഗവ്യാപനം ഉണ്ടാവാൻ കാരണം. വൈറസിന്റെ ജനിതക വ്യതിയാനം ആണോ?

1970ൽ രോഗം ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ച ശേഷം ആഫ്രിക്കൻ രാജ്യങ്ങളിൽ പലപ്പോളായി ചെറിയ രീതിയിൽ ഈ രോഗവ്യാപനം നടന്നിട്ടുണ്ട്. എന്നാൽ ലോകത്ത് ഒരേ സമയം ഇത്രയധികം രാജ്യങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടാവുന്നതും ഇത്രയധികം രോഗികൾ ഉണ്ടാവുന്നത് എന്തുകൊണ്ടാണെന്നുമാണ് ഇപ്പോൾ ലോകം മുഴുവൻ ആംകാക്ഷയോടെ ഉറ്റുനോക്കുന്നത്. പരിസ്ഥിതിയിലും സാമൂഹ്യ ജീവിതത്തിലും ഉണ്ടായ മാറ്റങ്ങൾ അതായത്, വനനശീകരണം, പാർപ്പിട സൗകര്യങ്ങൾ കുറയുക, കാലാവസ്ഥാ വ്യതിയാനം, ജനസാന്ദ്രത, ദാരിദ്ര്യം, 1972ൽ തന്നെ സ്മോൾ പോക്സ് വാക്സിൻ നൽകുന്നത് നിർത്തിയത്. അങ്ങനെ പല കാരണങ്ങൾ കൊണ്ടാവാം ഇത് സംഭവിക്കുന്നത്. സ്മോൾ പോക്സ് വാക്സിൻ ഈ രോഗത്തിനെതിരെ 85 ശതമാനത്തിലധികം രോഗപ്രതിരോധ ശേഷി നൽകും എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. 1972ന് ശേഷം സ്മോൾ പോക്സ് വാക്സിൻ നൽകാത്തതിനാൽ പ്രതിരോധ ശക്തി ഇല്ലാത്ത വലിയ ഒരു ജനവിഭാഗം തന്നെ ഇപ്പോൾ ഉണ്ട്. ഇവരിലേക്ക് ഈ വൈറസ് കടന്ന് വന്നാൽ വലിയ രീതിയിലുള്ള രോഗവ്യാപനം നടക്കാം. വെസ്റ്റ് ആഫ്രിക്കൻ ക്ലെയിഡും സെൻട്രൽ ആഫ്രിക്കൻ ക്ലെയിഡും ഇങ്ങനെ രണ്ട് രീതിയിലുളള വകഭേദങ്ങളാണ് കണ്ടിട്ടുള്ളത്. ഇതിനോട് സാമ്യമുള്ള വകഭേദങ്ങളാണ് പോർച്ചുഗൽ ബെൽജിയം ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. രോഗലക്ഷണങ്ങളിലും രോഗം കാണുന്ന രീതിയിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ട്. അതുപോലെ തന്നെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന്റെ നിരക്കും കൂടി. അതുകൊണ്ട് തന്നെ പൂർണമായ ജനിതക പഠനങ്ങൾ പുറത്തുവരേണ്ടതുണ്ട്. ജനിതക വ്യതിയാനം സംഭവിച്ചതിന്റെ സാധ്യത തള്ളിക്കളായാനാവില്ല.

മങ്കിപോക്സിന്റെ ലക്ഷണങ്ങളിൽ വന്ന വ്യത്യാസങ്ങൾ എന്തൊക്കെ??

ഈ രോഗത്തിന്റെ കാര്യത്തിൽ ഇപ്പോൾ ചില വ്യത്യാസങ്ങൾ കാണുന്നുണ്ട് . സാധാരണ രീതിയിൽ രോഗം വരുന്നതിന് രണ്ടുമുതൽ നാല് ദിവസം വരെ രോഗി പനി, ശരീരവേദന, അസഹ്യമായ ക്ഷീണം എന്നിവയാണ് കാണിക്കുക. അതിന് ശേഷം രോഗിയെ മുഴുവൻ വിരൂപനാക്കുന്ന രീതിയിലാണ് ഈ രോഗം വന്നിരുന്നത്. ശരീരം മുഴുവൻ ചിക്കൻ പോക്സ് പോലെ കുമിളകൾ പൊങ്ങുകയും അത്തരം കുമികളകൾ പ്രധാനമായും മുഖത്തും കൈകളിലും കാലുകളിലുമാണ് കാണുകയും ചെയ്യുന്നത്. അത് പോലെ തന്നെ കഴലവീക്കവും ഇതിന്റെ ഒരു പ്രധാന ലക്ഷണമണ്. അതുപോലെ തന്നെ ലൈംഗികാവയങ്ങളിലും മലദ്വാരത്തിലും ഉൾപ്പടെ ഇതിന്റെ കുമിളകൾ പരക്കുകയും ചെയ്യും. ഇത്തരം വലിയ കുമിളകൾ ശരീരത്തിൽ കാണാതെ തന്നെ ലൈംഗികവയവങ്ങളിലും മലദ്വാരത്തിലും മാത്രം ചെറിയ കുരുക്കളായി ഈ രോഗം വരുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് സിഫിലിസ്, ഗൊണോറിയ, ഹെർപ്പസ് തുടങ്ങിയ ലൈംഗിക രോഗങ്ങളായി ഇതിനെ തെറ്റിദ്ധരിക്കപ്പെടാം. റിപ്പോർട്ട് ചെയ്യപ്പെട്ട ചിലരോഗികളിൽ ഇത്തരം രോഗങ്ങൾക്കുള്ള ടെസ്റ്റുകൾ ആണ് നടത്തിയത്. അത് സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് മങ്കി പോക്സിനുള്ള ടെസ്റ്റ് നടത്തുകയും രോഗം സ്ഥിരീകരണം ഉണ്ടാവുകയും ചെയ്തത്. മറ്റൊരു പ്രശ്നം ഗുഹ്യഭാഗത്ത് മാത്രം ഉണ്ടാവുന്ന കുരുക്കൾ ആളുകൾ തുറന്ന് പറയണമെന്നില്ല. ഇത്തരം ആളുകൾ രോഗം വ്യാപനത്തിനുള്ള സാധ്യത വളരെ കൂട്ടും.

മങ്കിപോക്സ് ആശങ്ക എന്തുകൊണ്ട്? മറ്റൊരു കോവിഡ് ആകുമോ??

നേരത്തെ മങ്കിപോക്സ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപകമായി പടർന്നിട്ടില്ലെങ്കിലും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഏകദേശം 30 ശതമാനം കേസുകളിലും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ള വ്യാപനം നടന്നതായാണ് കാണുന്നത്. അതിലുപരി നമ്മളെ ആശങ്കപ്പെടുത്തുന്നത് നേരത്തെയെല്ലാം ഒരു രോഗിയിൽ നിന്ന് സമ്പർക്കത്തിലൂടെ വരുന്ന കേസുകളായിരുന്നു കണ്ടിരുന്നത്. അതെല്ലെങ്കിൽ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിലൂടെ സഞ്ചരിച്ചവർക്കായിരുന്നു രോഗം വന്നത്. എന്നാൽ യൂറോപ്പിൽ ഇപ്പോൾ രോഗം സ്ഥിരീകരിച്ച രോഗികൾക്ക് മങ്കി പോക്സ് വന്നവരുമായി സമ്പർക്കമോ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിലൂടെ സഞ്ചരിച്ചതിന്റെ ഹിസ്റ്ററിയോ ഇല്ല. അതിനാൽ തന്നെ ഈ രാജ്യങ്ങളിൽ ഈ വൈറസിന്റെ സമൂഹ വ്യാപനം നടന്നിട്ടുണ്ടാവാം എന്ന ആശങ്കയാണ് പുറത്ത് വരുന്നത്. അതുകൊണ്ട് തന്നെ ഈ രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ മങ്കിപോക്സിനെ കുറിച്ച് അത്രയധികം ആശങ്കപ്പെടേണ്ടതില്ല എന്ന് തോന്നുന്നു. ചൈനയിൽ നിന്ന് തുടങ്ങിയ കോവിഡ് എന്ന വൈറസ് ലോകമെമ്പാടും പടർന്ന് പിടിച്ച് മനുഷ്യജീവിതത്തെ തന്നെ മാറ്റി മറിക്കുന്നത് നമ്മൾ കണ്ടതാണ്. ഇതിൽ നിന്നും തന്നെയാവാം എല്ലാ വൈറസ് രോഗങ്ങളേയും നമ്മൾ ഇത്രയധികം ആശങ്കയോടെ കാണുന്ന അവസ്ഥ വന്നത്. കുരങ്ങുപനി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന നിരക്കും മരണ നിരക്ക് വളരെ കുറവാണ്. ഇപ്പോൾ പരക്കുന്ന വകഭേദത്തിന്റെ മരണ നിരക്ക് ഏകദേശം ഒരു ശതമാനത്തോടടുത്ത് മാത്രമാണ്. അതുകൊണ്ട് തന്നെ ഈ രോഗം വലിയ രീതിയിലുളള മരണ സാധ്യത ഉണ്ടാക്കുകയില്ല. ഇപ്പോൾ ഏകദേശം 200നടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അതിൽ ഗുരുതര അവസ്ഥയിലേക്ക് പോവുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടില്ല എന്നതും ആശ്വാസമാണ്. എന്നിരുന്നാലും ഇന്ത്യ പോലെ ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ഒരാൾക്ക് രോഗം വന്നാൽ പണ്ട് വസൂരി പടർന്ന പോലെ ഈ രോഗവും പടരാനുള്ള സാധ്യത കൂടുതലാണ്.

കൃത്യമായ ചികിത്സാ സംവിധാനങ്ങൾ ഉണ്ടോ?

രോഗം പടരുന്നുണ്ടെങ്കിലും ചിക്കൻ പോക്സ് പോലെ തന്നെ നമുക്ക് ചികിത്സിച്ച് ഭേദമാക്കാൻ പറ്റുന്ന ഒരു രോഗമാണിത്. ഹോസ്പിറ്റൽ ചികിത്സ പോലും മിക്കവാറും സമയങ്ങളിൽ ആവശ്യമായി വരില്ല. തൊലിപ്പുറത്തെ കുമിളകൾ പൂർണമായും ഉണങ്ങുന്നത് വരെ അതായത് ഏകദേശം ഒരുമാസത്തോളം രോഗി മറ്റാരുമായി ഇടപഴകാൻ പാടുള്ളതല്ല. സാധാരണ ചിക്കൻ പോക്സ് രോഗികൾക്ക് നമ്മൾ നൽകുന്ന സപ്പോർട്ടീവ് കെയർ ഈ രോഗികൾക്കും നൽകാം. ശരീരത്തിൽ ചൊറിച്ചിലും വേദനയും ഉണ്ടെങ്കിൽ അതുമാറാനുള്ള മരുന്നുകളും, ശരീരത്തിൽ മറ്റ് അണുബാധ ഉണ്ടാവുകയാണെങ്കിൽ അതിനുള്ള ആന്റിബയോട്ടിക് മരുന്നുകളുമാണ് നൽകുക. ഒപ്പം ശരീരത്തിലെ ജലാംശവും സോഡിയത്തിന്റെ അളവും കുറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. രോഗം ഉള്ള ആൾ മറ്റൊരാളുമായി അടുത്ത് ഇടപഴകിയാൽ നാല് ദിവസത്തിനുള്ളിൽ തന്നെ സ്മോൾ പോക്സ് വാക്സിൻ നൽകിയാൽ രോഗം ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ഇതിനുളള കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു. ഈ രോഗത്തിന് പരീക്ഷണാടിസ്ഥാനത്തിൽ ……തുടങ്ങിയ ആന്റി വൈറൽ മരുന്നുകളും ഉപയോഗിക്കുന്നുണ്ട്.

പ്രതിരോധ ശേഷി കുറഞ്ഞ ആളുകൾ പ്രതിരോധ ശേഷി കുറഞ്ഞ മരുന്നുകൾ ഉപയോഗിക്കുന്നവർ, കുട്ടികൾ, പ്രായധിക്യമുളള്ളവർ, ഗർഭിണികൾ എന്നിവർക്ക് രോഗം വന്നാൽ ഗുരുതരാവസ്ഥയിലേക്ക് പോകാനും മരണ കാരണ ആവാനും സാധ്യത കൂടുതലാണ്. അതേ പോലെ ഈ വൈറസ് തലച്ചോറിനെ ബാധിക്കുക, കിഡ്നിയെ ബാധിക്കുക എന്നതും മരണ കാരണം ആയേക്കാം . പക്ഷെ ഇത്തരം സാഹചര്യങ്ങൾ അപൂർവമാണ്.

സ്വവർഗാനുരാഗികളിൽ രോഗം കൂടുതലായി കാണുന്നത് എന്തുകൊണ്ടാവാം?

മുമ്പൊന്നും മങ്കിപ്പനി ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗമായി കണക്കാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ സ്വവർഗാനുരാഗികളായ പുരുഷൻമാരിൽ ഈ രോഗം കൂടുതലായി കാണുന്നുണ്ട്. ഇത് ലൈംഗിക ബന്ധത്തിലൂടെ പകരുന്നതിനേക്കാൾ ആ സമയത്ത് കൂടുതലായി അടുത്തിടപഴകുന്നതിലൂടെ വരുന്നാതാണെന്നാണ് ഇപ്പോളത്തെ നിഗമനം. എന്നാലും ലൈംഗിക അവയവങ്ങളിൽ വ്രണങ്ങൾ കാണുന്നത് ഉൾപ്പടെയുള്ള ലക്ഷണങ്ങൾ ഉള്ളതിനാൽ ഈ കാര്യത്തിൽ ശ്രദ്ധ വേണം. സുരക്ഷിത മാർഗങ്ങൾ ഉപയോഗിച്ചുള്ള ലൈംഗിക ബന്ധം, പങ്കാളിയുടെ ആരോഗ്യത്തെ കുറിച്ച് കൃത്യമായ അവബോധം, ലൈംഗിക ശുചിത്വം എന്നിവ ഉണ്ടായിരിക്കേണ്ടതും ഈ സാഹചര്യത്തിൽ അത്യാവശ്യമാണ്.

ഐസൊലേഷനും ക്വാറന്റൈനും എത്രത്തോളം ഫലപ്രദമാണ്?

ഐസോലേഷനിലൂടെ രോഗപ്പകർച്ച ഏറ്റവും ഫലപ്രദമായി തടയാൻ പറ്റുന്ന ഒരു രോഗമാണ് ഇത്. ലൈംഗികാവയവങ്ങളിൽ മാത്രമായോ അല്ലെങ്കിൽ ശരീരം മുഴുവനോ കുമിളകൾ കണ്ടാൽ രോഗിയെ മാറ്റി നിർത്തിയാൽ രോഗം പകരുന്നത് തടയാം. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ പോയി വന്നവരേയും രോഗികളുമായി സമ്പർക്കം ഉണ്ടായവരേയും ക്വാറന്റീൻ ചെയ്യണം. പക്ഷെ ഏകദേശം 21 ദിവസത്തോളം ആളുകളെ ക്വാറന്റീൻ ചെയ്യേണ്ടി വരും എന്നതാണ് ഇപ്പോഴത്തെ കണക്ക്. എന്നാൽ മൂന്നാഴ്ചത്തോളം നീളുന്ന ക്വാറന്റൈനും രോഗം വന്നാൽ ഒരുമാസത്തോളം നീളുന്ന വിശ്രമവും ശരീരം വികൃതമാക്കുന്ന വ്രണങ്ങളും രോഗിയ്ക്ക് കടുത്ത മാനസിക സംഘർഷം ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്.

ഈ സാഹചര്യത്തിൽ നമ്മൾ എന്ത് ചെയ്യണം
ലൈംഗിക രോഗങ്ങളും ചിക്കൻപോക്സ് പോലുള്ള രോഗങ്ങളും ചികിത്സിക്കുന്ന ഡോക്ടർമാരുടെ ഇടയിൽ കൃത്യമായ അവബോധം ഉണ്ടാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സംശയമുള്ള രോഗികളെ ഐസൊലേറ്റ് ചെയ്യുകയും വ്രണങ്ങൾ പരിശോധനയ്ക്ക് അയക്കുകയും വേണം. പല വിദേശ രാജ്യങ്ങളിലും മലയാളികൾ ഉള്ളതിനാൽ തന്നെ ഈ രോഗം കേരളത്തിലേക്ക് വരാനുള്ള സാധ്യത വളരെ കൂടുലാണ്. അതുകൊണ്ട് തന്നെ സംശയം തോന്നിയാൽ ഉടൻ തന്നെ പിസിആർ പരിശോധന നടത്താനുള്ള സംവിധാനങ്ങൾ പുതുതായി തുടങ്ങിയ വൈറോളജി ലാബ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ലഭ്യമാക്കുകയും വേണം. അതേ പോലെ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്നവർക്ക് രോഗത്തെ കുറിച്ചുള്ള അവബോധം നൽകുകയും രോഗലക്ഷണം കണ്ടാൽ സ്വയം ഐസൊലേഷനിൽ പോവേണ്ടതിന്റേയും ചികിത്സ തേടേണ്ടതിന്റേയും ആവശ്യകത മനസ്സിലാക്കി കൊടുക്കുകയും വേണം. സ്മോൾ പോക്സ് വാക്സിനും ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്നുകളും ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ രോഗവ്യാപന സാധ്യത മുന്നിൽ കണ്ട് വാക്സിനും മരുന്നും എത്തിക്കുകയും വേണം.

ഗൃഹ ചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മങ്കിപോക്സ് വരുന്ന ഭൂരിഭാഗം രോഗികൾക്കും ഗൃഹചികിത്സ ധാരാളമാണ്. കോവിഡ് രോഗികൾ ചെയ്യുന്ന പോലെ തന്നെ വായു സഞ്ചാരം ഉള്ള മുറിയിൽ കഴിയുക, പ്രത്യേകം ശുചിമുറി ഉപയോഗിക്കുക. പ്രത്യേകം പാത്രത്തിൽ ഭക്ഷണങ്ങൾ കഴിക്കുക, വസ്ത്രങ്ങൾ സോപ്പ് ലായനിയിൽ മുക്കി വെച്ച് ശേഷം വൃത്തിയാക്കുകയും ചെയ്യുക എന്നിവയാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ. തൊലിപ്പുറത്തെ വ്രണങ്ങൾ പൂർണമായി മാറുന്നവരെ രോഗവ്യാപനം നടക്കാൻ സാധ്യത ഉള്ളതിനാൽ നാലാഴ്ച വരെ മറ്റുള്ളവരിൽ നിന്നും പൂർണമായി മാറി നിൽക്കണം, കുളിക്കുകയും ശരീര ശുചിത്വം പാലിക്കുകയും ചെയ്യുക. ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കാതിരിക്കുക. നന്നായി വെള്ളം കുടിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here