ആ ഒരു രൂപ കൊണ്ടുപോയത് എണ്ണ കമ്പനികൾ; കേന്ദ്രം കുറച്ചതിന് പിന്നാലെ വില കൂട്ടി

0
259

തിരുവനന്തപുരം: കേന്ദ്രം തീരുവ കുറയ്ക്കുകയും സംസ്ഥാനത്തിന്റെ നികുതി ആനുപാതികമായി കുറയുകയും ചെയ്തിട്ടും പെട്രോളിന് കേരളത്തിൽ പ്രതീക്ഷിച്ച വിലക്കുറവുണ്ടായിരുന്നില്ല. 10.41 രൂപയായിരുന്നു യഥാർത്ഥത്തിൽ കുറയേണ്ടിരുന്നതെങ്കിലും കേരളത്തിൽ കഴിഞ്ഞ ദിവസം കുറഞ്ഞത് 9.40 രൂപ മാത്രമായിരുന്നു. കേന്ദ്രം വില കുറച്ചതിന് പിന്നാലെ എണ്ണ കമ്പനികൾ കേരളത്തിലേക്ക് വരുന്ന പെട്രോളിന് വില വർധിപ്പിച്ചതാണ് ഈ ഒരു രൂപയുടെ കുറവിന് കാരണമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്. നികുതി കുറഞ്ഞ ദിവസം തന്നെ എണ്ണ കമ്പനികൾ കേരളത്തിലെത്തുന്ന ബില്ലിങ് വിലയിൽ 79 പൈസ കൂട്ടിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇതിന്റെ നികുതിയടക്കം ചേർത്താണ് ഒരു രൂപയുടെ കുറവുണ്ടായിരിക്കുന്നതെന്നാണ് സർക്കാർ വിശദീകരണം.

സംസ്ഥാനം നികുതികൂട്ടിയിട്ടില്ലെന്നും 30.8 ശതമാനത്തിൽത്തന്നെ നിലനിർത്തിയിരിക്കയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്രം തീരുവകുറച്ചതിനുപിന്നാലെ എണ്ണക്കമ്പനികൾ പെട്രോളിന്റെ വില കൂട്ടി എന്നാണ് അന്വേഷണത്തിൽ മനസ്സിലായതെന്നും അദ്ദേഹം പറയുകയുണ്ടായി.

തിരുവനന്തപുരത്ത് 9.48 രൂപയാണ് പെട്രോളിന് ഞായറാഴ്ച കുറഞ്ഞത്. എറണാകുളം(9.31 രൂപ), കോഴിക്കോട് (9.42 രൂപ), കണ്ണൂർ (9.54 രൂപ), വയനാട് (9.45 രൂപ), കാസർകോട് (9.64 രൂപ) എന്നിങ്ങനെയാണ് കുറഞ്ഞത്. ഡീസലിന് കേന്ദ്രം ആറുരൂപകുറച്ചപ്പോൾ കേരളത്തിൽ 1.36 രൂപയാണ് കുറഞ്ഞത്. രണ്ടുംചേർന്ന് 7.36 രൂപയാണ് കുറയേണ്ടിയിരുന്നത്. ഞായറാഴ്ച ഡീസൽവില ചില ജില്ലകളിൽ 7.42 രൂപവരെ കുറഞ്ഞിരുന്നു.

കേന്ദ്രതീരുമാനത്തോടെ പെട്രോളിന് 27.9 രൂപയും ഡീസലിന് 21.8 രൂപയുമായിരുന്ന തീരുവ യഥാക്രമം 19.9 രൂപയും 15.8 രൂപയുമായി. കേരളത്തിൽ പെട്രോളിന് 30.8 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് വിൽപ്പനനികുതി. ഇതിനുപുറമേ ഒരുരൂപവീതം അധികനികുതിയും ഒരുശതമാനം സെസുമുണ്ട്. ശനിയാഴ്ച 115 രൂപയ്ക്ക് പെട്രോൾ വാങ്ങുമ്പോൾ അടിസ്ഥാനവില കേരളത്തിൽ 56.87 രൂപയായിരുന്നു. ഇതിൽ ഏകദേശം ഒരുരൂപയ്ക്കടുത്ത് വർധനവന്നാലേ ഞായറാഴ്ചത്തെ വിലയുമായി പൊരുത്തപ്പെടൂ.

LEAVE A REPLY

Please enter your comment!
Please enter your name here