മലയാള സിനിമയിലെ ത്രില്ലർ ചിത്രങ്ങൾക്കിടയിൽ എക്കാലത്തെയും വലിയ തരംഗം തന്നെ സൃഷ്ടിച്ച ദൃശ്യത്തിനും ദൃശ്യം 2നും ശേഷം ഹാട്രിക് വിജയം ഉന്നം വെച്ച് ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ത്രില്ലർ ചിത്രമാണ് ’12ത് മാൻ’. മെയ് 20 മുതൽ ഡിസ്നി-ഹോട്സ്റ്റാറിൽ പ്രദർശനം ആരംഭിക്കുന്ന ചിത്രത്തിനായി വേറിട്ട പ്രചാരണം നടത്തുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൻ്റെ പേരിൽ വേറിട്ട ഒരു ഓൺലൈൻ ഗെയിം സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ടീം 12ത് മാൻ.
ചിത്രത്തിൻ്റെ പ്രമേയത്തിനോട് ചേർന്ന രീതിയിലുള്ള ‘ടാപ്പ് റ്റു ഇൻവെസ്റ്റിഗേറ്റ്’ എന്ന ഗെയിം ആണ് സിനിമയുടെ പ്രചണാർത്ഥം ഒരുക്കിയിരിക്കുന്നത്.
പതിനൊന്നു സെലിബ്രിറ്റി-സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിൽ നിന്നും നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ശരിയായ കുറ്റവാളിയെ കണ്ടുപിടിക്കേണ്ടതാണ് ഗെയിമിലൂടെ അവതരിപ്പിക്കുന്ന വ്യത്യസ്തമായ ഈ ക്യാമ്പയിൻ. പ്രേക്ഷകർ അവരുടെ ഉത്തരങ്ങൾ @disneyhotstarmalayalam എന്ന് മെൻഷൻ ചെയ്തുകൊണ്ട് ഈ പോസ്റ്റുകൾക്ക് ചുവടെ രേഖപ്പെടുത്താം. ശരിയുത്തരം രേഖപ്പെടുത്തി ആ പന്ത്രണ്ടാമൻ ആകാൻ നിങ്ങൾക്ക് കഴിഞ്ഞാൽ ഒരുപിടി സർപ്രൈസുകൾ നിങ്ങളെ തേടി എത്തും. ഇനിയ, ഷിയാസ് കരീം, അഭിരാമി സുരേഷ്, മാളവിക മേനോൻ, കാർത്തിക് സൂര്യ, സൗഭാഗ്യ, അരുൺ സ്മോകി, അനുമോൾ, ഋഷി എന്നിവരടങ്ങുന്ന പതിനൊന്ന് പേരാണ് ഈ ഗെയിമിനായി അണിനിരക്കുന്നത്.
ഇടുക്കിയിലെ ഒരു ഹിൽ സൈഡ് റിസോർട്ട് പ്രധാന ലോക്കേഷനായി ഒരുക്കിയ ഈ ചിത്രത്തിനായി ഏതാനും രംഗങ്ങൾ എറണാകുളത്തും ചിത്രീകരിച്ചിരിക്കുന്നു. വമ്പൻ താരനിരയുമായി എത്തുന്ന മിസ്റ്ററി സ്വഭാവം നിലനിർത്തുന്ന ഈ ത്രില്ലർ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ശിവദ, അനുശ്രീ, രാഹുൽ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, അദിതി രവി, പ്രിയങ്ക നായർ, അനു മോഹൻ, ചന്തുനാഥ്, നന്ദു എന്നിവരും അഭിനേതാക്കളായുണ്ട്. കെ ആർ കൃഷ്ണകുമാർ ആണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിനായി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വി എസ് വിനായക് ആണ്. വിനായക് ശശികുമാർ രചന നിർവഹിച്ച വരികൾക്ക് അനിൽ ജോൺസൺ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശാന്തി ആൻ്റണി, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, കലാസംവിധാനം: രാജീവ് കോവിലകം, വസ്ത്രാലങ്കാരം: ലിൻ്റ ജീത്തു, മേക്ക് അപ്പ്: ജിതേഷ് പൊയ്യ, വി എഫ് എക്സ്: ടോണി മാഗ്മിത്, ചീഫ് പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, പ്രൊഡക്ഷൻ കൺട്രോളർ: സേതു അടൂർ, വാർത്താപ്രചരണം: പി ശിവപ്രസാദ്.